‘എന്റെ വീടിന് മോളിലാ സര്‍, ഇപ്പോ വിമാനം നിര്‍ത്തീടുന്നത്’... അലി പറഞ്ഞു നിര്‍ത്തി. ക്ലാസില്‍ ഒരു കൂട്ടച്ചിരി ഉയര്‍ന്നു താണു.
‘അതെന്താടാ നിന്റെ വീടിനു മുകളില്‍ കപ്പലൊന്നും നിര്‍ത്തിയിടുന്നില്ലേ’ അശോകന്മാഷുടെ ചോദ്യത്തിനും നേരത്തത്തെ അതേ സ്ഥായിയില്‍ ഒരു ചിരി വീണ്ടും വിരിഞ്ഞടര്‍ന്നു.
അലി ക്ലാസിന്റെ മൂലയില്‍ വെറുതേയിരുന്നു. വിടര്‍ന്ന ഉണ്ടക്കണ്ണുകള്‍ മിഴിച്ച് അവന്‍ ക്ലാസിനെ മൊത്തത്തില്‍ നോക്കി. കുറച്ചു പേരൊക്കെ അവനെ നോക്കി അടക്കിച്ചിരിക്കുന്നുണ്ടായിരുന്നു.
ക്ലാസുകഴിഞ്ഞിറങ്ങിയപ്പോള്‍ അശോകന്‍ മാഷ് അവനെ കൂടെ വിളിച്ചു. തോളില്‍ കൈചേര്‍ത്ത് നടന്നു...
‘അലീ, കുട്ടികള്‍ കള്ളത്തരം പറഞ്ഞ് ശീലിക്കരുത്. നീ കാര്‍ട്ടൂണൊക്കെ കാണുമ്പോള്‍ കാണുന്ന കാഴ്ചകളൊക്കെ സത്യാണെന്ന് തോന്നുന്നുണ്ടാവും. പക്ഷെ...’
മാഷ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അലി പറഞ്ഞു, ‘ഇല്ല മാഷേ, ന്റേ വീടും ന്റെ മൂത്താപ്പാന്റെ വീടും നിന്ന സ്ഥലത്താണ് ഇപ്പോ വിമാനം നിക്കണത്. ഇക്കാന്റെ കൂടെ ഞാമ്പോയിക്കണ്ട്.’
‘നിന്റെ വീടെവിടെയാണ്?’ ചോദ്യം പിന്‍ വലിച്ചുകൊണ്ടെന്നോണം മാഷ് ഓര്‍ത്തു, ഓ അവിടെയാണ് ഇപ്പോള്‍ വിമാനത്താവളം പണി കഴിഞ്ഞത്. രണ്ട് വര്‍ഷം കൊണ്ട്! ഇവന്റെ കുടുംബമിപ്പോള്‍ പുനരധിവാസത്തിന്റെ പുറമ്പോക്ക് ഭൂമിയിലെവിടെയെങ്കിലുമായിരിക്കും. മൂന്നാം ക്ലാസു വരെ വളരെ പ്രസന്നനായി വൃത്തിയില്‍ അലക്കിത്തേച്ച കുപ്പായമൊക്കെയിട്ട് വന്നിരുന്ന അലിയെ മാഷോര്‍ത്തു.
അവനും ഉത്തരത്തിനു മിനക്കെടുന്നില്ലെന്ന് മാഷ് മനസിലാക്കി. ‘മാഷെ ന്റെ ഇപ്പള്ള വീടിന്റെടുത്ത് രാജൂന്റെ വീട്ണ്ട്. ഓന്‍ ദൂരെ ഒരു സ്ഥലത്തൂന്ന് വന്നതാ. ഓന്റെ വീട് കാട്ടിലായിരുന്നു. ആടെ പൊഴയുണ്ടായിരുന്നു. പൊഴേല് അണക്കെട്ട് വന്നപ്പൊ ഓനും ഓന്റെ വീട്ടുകാരേും ആ നാട്ടില്‍ത്തെ ആള്‍ക്കാരെ മുഴോനും ഞങ്ങള്‍ടെ വീടിന്റെടുത്തേക്ക് കൊണ്ടന്നു. ഓന്‍ കാടല്ലാതൊരു സ്ഥലം കണ്ടിട്ടില്ലാരുന്നൂത്രേ! ഓന്‍ മരത്തീക്കേറണത് കാണണം മാഷേ! പക്ഷെ ഓന്റെ വീട്ട്കാരൊക്കെ കരയ്യാ... ഓരെ കുടുംബക്കാരൊക്കെ എവിടൊക്കൊക്കെയോ പോയീത്രേ.!
അലി അവന്റെ കുഞ്ഞിക്കണ്ണുരുട്ടി കഥ പറഞ്ഞപ്പോള്‍, ഒന്നാം ക്ലാസില്‍ ‘ഞാമ്പോവൂലുമ്മാ സ്കൂളു വാണ്ടാന്നും’ പറഞ്ഞ്, കരഞ്ഞു കരഞ്ഞ് ചുവന്ന അലിയെ അശോകന്മാഷോര്‍ത്തു. രണ്ടാം ക്ലാസിലെത്തിയപ്പോഴേക്ക് സ്കൂളു ചവിട്ടിപ്പൊളിക്കുമെന്നു പറഞ്ഞ് കുഞ്ഞിക്കുമ്പകുലുക്കി നടന്ന കുസൃതിക്കുട്ടന്‍ മാഷുടെ കണ്ണിലെത്തി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ അലി എവിടെയ്ക്കാണ് ഇല്ലാതായത്. അവന്റെ കുട്ടിക്കാലം ആ ഉണ്ടക്കണ്ണുകളില്‍ മാത്രമായി ഉറഞ്ഞുകൂടിയതുപോലെ അശോകന്‍ മാഷ്ക്കു തോന്നി.
‘മാഷേ, ധര്‍ണയ്ക്ക് വരുന്നില്ലേ’ സീത ടീച്ചര്‍ വരാന്തയില്‍ നിന്നും വിളിച്ചു ചോദിച്ചു.
അലി, ടീച്ചറെ നോക്കിയശേഷം അനുവാദത്തിന് എന്നോണം മാഷെ ഒന്നു നോക്കി. എന്നിട്ട് പതുക്കെ ക്ലാസിലേക്ക് നടന്നു.
“ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അപചയം നടക്കുന്നത് അത്തരം സാഹചര്യങ്ങളിലാണെന്ന് നാം വിസ്മരിച്ചു കൂടാ...’’
മൈക്കിന്റെ വലിയ ശബ്ദത്തില്‍ ഒഴുകി വരുന്ന വാക്കുകള്‍ കേവലം ശബ്ദതരംഗങ്ങള്‍ മാത്രമായി ചെവിയില്‍പ്പതിക്കുകയായിരുന്നു അശോകന്മാഷുടെ മനസില്‍.
വര്‍ഷംതോറും ലോകത്ത് സംഭവിക്കുന്ന കുടിയേറ്റങ്ങളുടെയും പാലായനങ്ങളുടെയും കണക്കുകളേക്കാള്‍ വലിയ സംഖ്യ ജനങ്ങള്‍ വികസനത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളാവുന്നതിനെപ്പറ്റി താന്‍ വായിച്ചത് അയാളോര്‍ത്തു. അവരുടെ വീണ്ടെടുക്കാനാവാത്ത ജീവിതങ്ങളെ ആരും ഓര്‍ക്കാത്തതെന്തേ? വീടില്ലാതെ, മണ്ണില്ലാതെ ജന്മനാട്ടിന്റെയും സ്വന്തം സംസ്കൃതിയുടെയും വേരുകളറ്റ് ജീവിക്കേണ്ടി വരുന്ന കുറെ മനുഷ്യര്‍. ഒരായുഷ്കാലം ഒരേയിടത്ത് ജീവിതം കെട്ടിപ്പടുത്ത വൃദ്ധര്‍, ബാല്യം ജെ. സി. ബിക്കൈകള്‍ കോരിയെടുത്ത കുട്ടികള്‍, പറിച്ചു നടലിന്റെ മുഴുവന്‍ വേദനയുമനുഭവിക്കുന്ന സ്ത്രീകള്‍.... നഷ്ടപരിഹാരവും മിച്ചഭൂമിയും കൊണ്ട് അവര്‍ക്ക് നഷ്ടപ്പെട്ടത് മടക്കിക്കൊടുക്കാനാവുമോ?
‘ഹെഡ് മാഷ് കലക്കീലേ മാഷേ.. അല്ലെങ്കിലും മൈക്കിനു മുന്നിലെത്തിയാ കൃത്യം പറയേണ്ടതെന്താന്ന് അങ്ങേര്‍ക്കറിയാം. ഒരു വാക്ക് അധികോ കുറവോ ഇല്ല. ഇലക്ഷനു നിന്നാ ജയിക്കുംന്നുറപ്പാ...’ ബിനോയ് മാഷ് ആവേശത്തോടെപ്പറഞ്ഞു. തന്റെ മുഖത്തുനോക്കിയപ്പോള്‍ തണുത്തുപോയ ഉത്സാഹത്തെ ഊതിക്കത്തിച്ച് അയാള്‍ ടീച്ചര്‍മാരുടെ ഇടയിലേക്ക് നടക്കുന്നത് അശോകന്മാഷു നോക്കി നിന്നു.
വിമാനത്താവളത്തിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ നടന്ന കുടിയൊഴിക്കലുകളുടെ കാര്യം ബീന പറഞ്ഞത് അയാളോര്‍ക്കാന്‍ ശ്രമിച്ചു. അധികാരികളെന്ന നിലയിലുള്ള സഹതാപത്തോടെ അവിടുത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും അവർക്ക് കൊടുക്കുന്ന തുച്ഛമായ തുകയെപ്പറ്റിയും ഊണുമേശയിലിരുന്ന് പച്ചക്കറി മുറിക്കുമ്പോഴാണ് അവള്‍ പറഞ്ഞത്. അയാളപ്പോള്‍ തേങ്ങ ചിരകിക്കൊണ്ട് ചാനലില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കേള്‍ക്കുകയായിരുന്നു. ഇത്രയും സഹാനുഭൂതി പ്രകടിപ്പിച്ച ബീന തന്നെ, ഒഴിപ്പിക്കലു കാരണം ഉണ്ടായ ജോലിത്തിരക്കുകളെക്കുറിച്ചും പദ്ധതി എളുപ്പമാക്കാനുള്ള ഉപായങ്ങളും അതിനായി പുതുക്കിപ്പണിഞ്ഞ ഓര്‍ഡറുകളും മേലുദ്യോഗസ്ഥന്റെ തന്ത്രപരമായ ഇടപെടലുകളെക്കുറിച്ചുമൊക്കെ വന്നു പറയുമ്പോള്‍ താന്‍ ചാനലില്‍ ജൈവകൃഷിയെക്കുറിച്ചുള്ള പരിപാടി കാണുകയായിരുന്നു. എന്തേ ഇതൊക്കെ ഓര്‍ത്തുവയ്ക്കാന്‍, ഒരിക്കലും ചിന്തിക്കുകകൂടി ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ബോധതലത്തില്‍ വന്നപ്പോള്‍ അശോകന്മാഷ്ക്ക് അസ്വസ്ഥത തോന്നി.
അപ്പോള്‍ വികസനം വേണ്ടേ? നാട് വളരണ്ടേ, വിമാനത്താവളങ്ങള്‍, പാലങ്ങള്‍ നല്ല നല്ല റോഡുകള്‍, മെട്രോ, നിരവധി തൊഴിലവസരങ്ങള്‍, മുന്തിയ സ്കൂളുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ശീതീകരിച്ചമുറിയില്‍ ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി, ഉയര്‍ന്ന തൊഴിലവസരങ്ങള്‍...
അതിനല്ലേ മകനെ സിറ്റിയിലെ പ്രധാനപ്പെട്ട സ്കൂളില്‍ പഠിപ്പിക്കുന്നത്. അവന്റെ പരീക്ഷാക്കാലത്ത് ടെൻഷനടിച്ച് ബീനയ്ക്ക് പനിപിടിക്കുന്നതോര്‍ത്തപ്പോള്‍ ഇതുവരെ അറിയാത്തൊരു വികാരം പൂണ്ട ചിരി അയാളുടെ ചുണ്ടില്‍ വിരിഞ്ഞു.
വൈകീട്ട് സ്കൂളില്‍ കയറി ഒപ്പിട്ട് ബൈക്കുമെടുത്തിറങ്ങി. ഒരാഴ്ച ലീവെഴുതിയത് രജിസ്റ്ററില്‍ വയ്ക്കാന്‍ മറന്നല്ലോ എന്നോര്‍ത്ത് അയാള്‍ തിരിച്ചുകയറി. വീണ്ടും ഇറങ്ങുമ്പോള്‍ മഴ നേര്‍ത്ത് ചാറുന്നുണ്ടായിരുന്നു. വഴി തിരിഞ്ഞ്, ആളുകള്‍ക്ക് പുനരധിവാസത്തിനായിക്കൊടുത്ത കോളനി വഴിയൊന്നു കയറിയാലോ എന്നാലോചിച്ചു. മഴക്കാലം അവിടെ എങ്ങനെയായിരിക്കും? പിന്നെ ചിന്തകളെ വഴിതിരിച്ചുവിടാന്‍ അയാളൊരു സിനിമയ്ക്ക് കയറി.
ഒരാഴ്ച കഴിഞ്ഞ് ചെല്ലുമ്പോള്‍ അലി ക്ലാസിലുണ്ടായിരുന്നില്ല. മൂന്നുദിവസം കഴിഞ്ഞും അവനെക്കണ്ടതേയില്ല. കുട്ടികള്‍ക്കറിയില്ലെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ടോ അശോകന്മാഷിന് ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. നാലാം ദിവസം അലി സ്കൂളില്‍ വന്നു. അവന്റെ കണ്ണുകളില്‍ വലിയ ഗൌരവം നിഴലിച്ചിരുന്നു. വരാന്തയില്‍ ഒറ്റയ്ക്കെന്തോ നോക്കി നിൽക്കുമ്പോൾ മാഷ് അവനടുത്തുവന്നു.
‘കുറെ ദിവസമായല്ലോ എവിടെപ്പോയി?’ ചോദ്യത്തില്‍ അവനെ വീണ്ടും കണ്ടതിന്റെ ആശ്വാസം ഒളിഞ്ഞിരുന്നിരുന്നു. ‘രാജൂന്റെ അമ്മ മരിച്ചു ഓന്റെ കൂടെ...’ ചെറിയ ഭയത്തോടെയെന്നവണ്ണം അവന്‍ പറഞ്ഞു നിര്‍ത്തി. പിന്നെ വീണ്ടും വിടര്‍ കണ്ണുകളോടെ പറഞ്ഞു ‘ഓര്ടെ മയ്യത്തടക്കം നമ്മടെ മാതിരിയല്ലാത്രേ. കാട്ടില് വേറെ മാരിയാണത്. അതുപോലെ ഇവ്ടെപ്പറ്റില്ലാത്തോണ്ട് ഓന്റമ്മ സൊര്‍ഗത്തി പോവൂല്ലാന്ന് ഓന്‍ പറഞ്ഞ്.... കൊറെക്കരഞ്ഞ്...
‘കാട് വേണം ഓരിക്ക്....’
കാട് വേണം അവര്‍ക്ക് അയാള്‍ മനസില്‍ ഉരുവിട്ടു.
‘മാഷേ ഒരു കാടുണ്ടാവാന്‍ എത്രമരം വേണം?’
ഇതുവരെ കാടുകാണാത്ത നിഷ്കളങ്കത ആ ചോദ്യത്തിലുണ്ടായിരുന്നു. ആ കണക്കിന്റെ വഴിയറിയാതെ അശോകന്മാഷ് കുറച്ചു നേരം പകച്ചു നിന്നു.
‘രാജൂനോട് ചോയ്ച്ചിട്ട് ഒന്നും പറഞ്ഞില്ലാ, അല്ലേത്തന്നെ ഓന്‍ പറയണതൊക്കെയൊന്നും ഇക്ക് തിരിയൂലാ...’ ‘അവനെന്താ സ്കൂളില്‍ വരാത്തത് എത്ര പ്രായം കാണും?’ ‘ഇന്റെ ഇക്കാനെക്കാളും മൂത്തതാ, സ്കൂളീപ്പണ്ട് പോയീര്‍ന്നത്രേ പിന്നെ നിര്‍ത്തീന്ന്. ഇവ്ടെ വന്നപ്പ, ന്റെ ബാപ്പ ചോയിച്ചീര്‍ന്നു, ഓനില്ലാന്ന് പറഞ്ഞ്.’
‘അപ്പൊ ഈ മൂന്നീസം രാജൂന്റെ വീട്ടിലായിരുന്നൂലേ’ മാഷ് ചെറിയൊരു ചിരിയോടെ ചോദിച്ചു.
‘ഇല്ല, ഞങ്ങടെ വീടിന്റെ പിന്നില് പുതിയ കെട്ടിടം വരണില്ലേ, അതിന്റെ മുമ്പില് തോനെ സ്ഥലണ്ടല്ലോ, ഞാനും ആരിഫയും കൂടി അവിടെ നെറയെ ചെടികള് വച്ചു. ഒരു വല്യ കാട്ണ്ടാക്കാനാ; രാജു പറഞ്ഞു കാടില്ലാത്തോണ്ട് മരിച്ചാല് ഓനും സ്വര്‍ഗത്തില് പൂവൂലാന്ന്.
ദിന്‍ഷ ടീച്ചര്‍ അലിയുടെ ക്ലാസിലേക്ക് കയറി. അശോകന്മാഷ് അവന്റെ കണ്ണുകളിലേക്ക് നോക്കി. തലമുടി പതുക്കെ തടവി ഒന്ന് ചിരിച്ച് അയാള്‍ മുന്നോട്ടു നടന്നു. അലി ഓടി ക്ലാസില്‍ക്കയറി.
‘അലീ മൂന്നു ദിവസം എവിടെയായിരുന്നു’ ടീച്ചര്‍ അവനെ നോക്കി. കിതച്ചുകൊണ്ട് ബെഞ്ചിലിരിക്കുന്നതിനു മുന്‍പ് അവന്‍ കുറച്ചൊക്കെപ്പറഞ്ഞു, ‘ഞാന്‍ കാടുണ്ടാക്കാന്‍ പോയായിരുന്നൂ...’
ക്ലാസില്‍ അപ്പോഴും ഒരു കൂട്ടച്ചിരി ഉയര്‍ന്നു താണു...
😍😍😍😍👌👌👌👌
ReplyDelete❤️❤️
DeleteNice❤️ Keep it up👍🏽
ReplyDelete❤️
ReplyDeleteഐശ്വര്യാ
ReplyDeleteനന്നായി എഴുതി ട്ടോ. നേരിൽ പറയാം.
Thank you.... മറ്റ് പോസ്റ്റുകളും വായിക്കുമല്ലോ.... ❤️
DeleteThank you...
ReplyDeleteഒരു കാടുണ്ടാക്കാൻ ഭൂമിയോളം വരണ ഒരു മനസ് വേണം.
ReplyDelete❤️❤️❤️.30 am
ReplyDeleteനല്ല കഥ, നല്ല ഭാഷ
ReplyDeleteഇനിയും എഴുതണം ചേച്ചീ.. കൊറേ സ്നേഹം
❤❤
Delete😍😍😍nice
ReplyDelete❤️❤️☺️
ReplyDeleteGood one.. All the best for your future work... 🥰🥰
ReplyDeleteആനുകാലിക പ്രസക്തിയുള്ള കഥ.നല്ല എഴുത്ത് എല്ലാ ആശംസകളും നേരുന്നു
ReplyDelete