Wednesday, 16 June 2021

മുട്ടായിക്കഥ

കമ്പ്യൂട്ടര്‍ ഷഡ് ഡൌണ്‍ ചെയ്ത് എഴുന്നേല്‍ക്കുമ്പോള്‍ കൈതട്ടി മറിഞ്ഞ പ്ലേറ്റിന്റെ പൊട്ടിയ കഷ്ണങ്ങളും നിലത്തു വീണടര്‍ന്ന പച്ച മുന്തിരികളും പെറുക്കിക്കൂട്ടുകയായിരുന്നു അവനി.
 ‘എന്തുപറ്റി...?’ പാത്രത്തിന്റെ ശബ്ദംകേട്ട് നിഖിത ഓടിവന്നു. മറുപടി പറയാതെ അവനി അത് അടിച്ചുകൂട്ടിക്കൊണ്ടിരുന്നു.
‘ആന്റീ, നാളെ എനിക്ക് സെമിനാറിനു ചെയ്യാനുള്ള പ്രസന്റേഷന്‍...’ ഒരോര്‍മ്മപ്പെടുത്തല്‍ പോലെ നിഖിത പറഞ്ഞു, ‘മിനിഞ്ഞാന്ന് ശരിയാക്കിത്തരാന്ന്...’ ‘ഉം, അത് ഏകദേശം കഴിഞ്ഞിട്ടുണ്ട്. നീ വൈകീട്ട് വന്നിട്ട് കാണിച്ചുതരാം. എന്നിട്ട് പ്രാക്ടീസ് ചെയ്യാമല്ലോ, ഞാന്‍ ഈ ആഴ്ച തീര്‍ത്തുകൊടുക്കേണ്ട ‘സര്‍പ്രൈസ് സ്റ്റോറി’യുടെ മൂഡിലാണ്... എന്തോ ഓർത്ത് ഒന്നു നിർത്തിക്കൊണ്ട് അവനി തുടർന്നു. ഓ, അയാള്‍ക്ക് പറഞ്ഞാല്‍ മതീല്ലോ ആ സ്റ്റോറീ ഈ സ്റ്റോറീന്നൊക്കെ, ഇപ്പോഴത്തെക്കുട്ടികള്‍ക്ക് ഏത് കഥയാണ് രസിക്കുക? നമ്മളൊക്കെ ഏതെങ്കിലും ബാലവാരിക വായിച്ച്, കഥാപാത്രങ്ങളുടെ രൂപത്തെ മനസില്‍ ആരാധനയോടെ കണ്ട്...’
പതിവ് പാരായണം കേള്‍ക്കുന്ന മടുപ്പോടെ നിഖിത തിരിച്ച് മുറിയിലേക്ക് നടന്നു. പാത്രക്കഷ്ണങ്ങള്‍ക്കൊപ്പം താന്‍ വരച്ചുവരച്ച് ചീന്തിക്കളഞ്ഞ പേപ്പര്‍ക്കൂനയും കൂടി വൃത്തിയാക്കി അവനി, തന്റെ മുറിയിലേക്ക് വന്നു.
‘അമ്മാ... ഒരു കഥകൂടി പറയൂ...’ കീറിയ ചിത്രങ്ങള്‍ കളയുമ്പോള്‍ ആയുഷ് മടയിലിരുന്ന് കൊഞ്ചുന്നത് പെട്ടെന്ന് ഓര്‍മ്മ വന്നു. അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ താന്‍ പറഞ്ഞുകൊടുത്ത കഥകളുടെ കൂമ്പാരം. പക്ഷെ ഏത് കഥയും തൃപ്തിയാവില്ലായിരുന്നു ആ മൂന്നു വയസ്സുകാരന്. മിന്നാമിനുങ്ങോ പൂമ്പാറ്റകളോ അണ്ണാന്മാരോ ഒന്നും അവന് മതിയായില്ല. പിന്നീടെന്നോ നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ അവന്‍ വിമാനം കയറിയതു മുതല്‍ താന്‍ തനിച്ചായോ എന്ന് അവനിക്ക് അപ്പോള്‍ പെട്ടെന്ന് തോന്നി. അതിപ്പോൾ എത്ര മുൻപാണ്! അവന്റെ മോള്‍ക്ക് ഇപ്പോള്‍ മൂന്നുവയസായി. പക്ഷെ ഫോണിലൂടെ കേള്‍ക്കുന്ന ശബ്ദമോ വീഡിയോ കോളിലൂടെ കാണുന്ന രൂപമോ മാത്രമാണ് തനിക്ക് അമ്പിളിക്കുട്ടി...
വേണ്ടാത്ത ചിന്തകളില്‍ നിന്നും മനസടര്‍ത്തി, അവനി വീണ്ടും പുതിയതായി ചെയ്യുന്ന കഥയിലേക്ക് മടങ്ങി വന്നു. ഇപ്പൊ ഓണ്‍ലൈന്‍ ബാലമാസികകളുടെ കാലമായിരിക്കുന്നു. കുട്ടികള്‍ക്ക് വായിക്കേണ്ട ആവശ്യമില്ല. കടുത്ത നിറങ്ങളും സംഗീതവും ചലിക്കുന്ന കഥാപാത്രങ്ങളുമുള്ള കഥകള്‍ നോക്കിയിരുന്നാല്‍ മതി അവളോര്‍ത്തു.
ഈ, തവണ പുതിയ കഥയായി എന്താണവതരിപ്പിക്കുക? അവനി, സിസ്റ്റം ഓപ്പണ്‍ ചെയ്ത്, അതില്‍ ഡിസൈന്‍ ചെയ്തുവച്ചിരിക്കുന്ന ‘പിങ്കു’ എന്ന മുള്ളന്‍ പന്നിക്ക് ഒരു തൊപ്പികൂടി വരച്ചു. മാജിക് മാലുവും കപീഷും സൂത്രനുമൊക്കെ അവനിയുടെ മനസില്‍ നിറഞ്ഞു. ആയുഷിന് പ്രിയപ്പെട്ടവരായിരുന്നു അവരെല്ലാം.
 പിങ്കുവിന് കൊടുക്കാന്‍ പറ്റിയ ഒരു ക്യാരക്ടറിന്റെ സ്വഭാവഗുണങ്ങൾ ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ വീണ്ടും മനസില്‍ ആയുഷിന്റെ ശബ്ദം ഉയര്‍ന്നുവന്നു.
‘അമ്മേ ചിറകുണ്ടായിട്ടും ഈ കിളികളൊന്നും ‘സ്പേസില്‍’ പോകാത്തതെന്താ? എനിക്ക് പോണം, വലുതായിട്ട്.... അപ്പയുടെ അത്ര വലുതായിട്ട്!’ അതുകേട്ട് രാഗേഷ് ചിരിച്ചതോര്‍ത്ത് അവനി വെറുതേ ചിരിച്ചു.
 വീട്ടില്‍ ആയുഷിന് പറഞ്ഞ് കൊടുത്തിരുന്ന കഥകളൊക്കെ എഴുതി പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിച്ചത് രാഗേഷായിരുന്നു. ആദ്യത്തെ പുസ്തകത്തില്‍ അവനിജ എന്ന പേര് അച്ചടിച്ച ദിവസം! 
 ഓ... ശ്രദ്ധ കിട്ടുന്നേയില്ല. പിങ്കുവിനെ എങ്ങനെയാണ് പുതിയ കഥാപാത്രമാക്കുക? അതിന്റെ മുള്ളുകളുപയോഗിച്ച് ദുഷ്ടന്മാരെ കീഴ്പ്പെടുത്തിക്കാം. പന്തുപോലെ ഉരുണ്ടുരുണ്ട് ദൂരേക്ക് സഞ്ചരിപ്പിക്കാം. പക്ഷെ, നല്ലൊരു കഥയുടെ പ്ലോട്ട് കിട്ടുന്നില്ല. കുഞ്ഞുങ്ങള്‍ കാത്തിരിക്കും ഈ ആഴ്ച തങ്ങളുടെ വക അവര്‍ക്ക് കരുതിവച്ചിരിക്കുന്ന സമ്മാനമോര്‍ത്ത്, റിങ് ചെയ്ത ഫോണ്‍ കട്ടാക്കിക്കൊണ്ട് അവനി, അല്‍പം ഉറക്കെത്തന്നെ പറഞ്ഞു, ‘ഇയാളുകാരണമാണ്... പ്രോഗ്രാം ശരിയാക്കിയിട്ട് പരസ്യം ചെയ്താല്‍ മതിയെന്ന് ഞാനപ്പോഴേ പറഞ്ഞതാ... ഒരു മാസം മുന്നേ പരസ്യം തുടങ്ങി, ഇപ്പൊ നാലും അഞ്ചും തവണ വിളിയാണ് ഞാനെന്തു ചെയ്യും?’ 
 നിഖിത, വെറുതെ ചിരിച്ചു. ഒരുങ്ങുന്നതിനിടെ കമ്മലിന്റെ കൊളുത്ത് മുറുക്കിക്കൊണ്ട് ചോദിച്ചു,
‘ആന്റീ, ഞാനിന്നുച്ചയ്ക്ക് വരാം. ഇന്നെങ്കിലും നോക്കിയാലേ നാളെ എനിക്കത്...’
 ‘ഓ, അത് ശരിയാക്കിയിട്ടുണ്ട്. ജനിറ്റിക്സിന്റെ പിരിയന്‍ കോണികള്‍! നിനക്ക് മുതിര്‍ന്ന കുട്ടികളെക്കാണിക്കാനല്ലേ? അവർക്കുള്ളതൊക്കെ എളുപ്പമാണ്. ഞാന്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ളതാണാലോചിക്കുന്നത്. നിഖിത ചോറ്റുപാത്രം ബാഗില്‍ വച്ച് പുറത്തേക്കിറങ്ങി. അവള്‍ പറഞ്ഞത് ശരിയാക്കിയിട്ടില്ലല്ലോ എന്ന് മനസിലോര്‍ത്ത് അവനി കതകടച്ചു. മൂന്നാം നിലയിലെ ഇരുമുറി ഫ്ലാറ്റില്‍ ഇനി ആയുഷും രാഗേഷും നിറയുമെന്ന് അവനിക്കു തോന്നി. 
 രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ച് കുറച്ചു കഴിഞ്ഞപ്പോഴാണ് ഈ ഡിജിറ്റല്‍ ബാലമാസികയുടെ മേധാവി വരുന്നത്. ആയുഷ്, സ്കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കാന്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍. പിന്നൊന്നും ഓര്‍ത്തില്ല. ഒരു മാറ്റം... അത്രമാത്രം! അവരുടെ ചെറിയൊരു സംരംഭം, തനിക്ക് ചെയ്യാനെന്തെങ്കിലും... ഇവിടെ ഒരു ഫ്ലാറ്റു വാങ്ങി. രാഗേഷ് മാറ്റം കിട്ടി ചെന്നൈയ്ക്കു പോയപ്പോള്‍ നിഖിതയെ പേയിംഗ് ഗസ്റ്റായി കൂടെക്കൂടി. തന്റെ കുട്ടിക്കഥകളെ സ്വയം ആനിമേഷന്റെ സഹായത്തോടെ ചലിപ്പിച്ച് കുട്ടികളിലേക്കെത്തിക്കുന്നത് ആദ്യമൊക്കെ വലിയ സാരമുള്ള പണിയായിരുന്നു. ആയുഷ് മാത്രം കേട്ടിട്ടുള്ള തന്റെ കഥകള്‍ ഓരോ കുഞ്ഞു മനസിലേക്കും. പിന്നെയത് മടുത്തു തുടങ്ങി. വെറുതെ കണ്ട് മറക്കാന്‍ മാത്രമായി ആനിമേഷന്‍ കഥകള്‍! കഥകേട്ട് കുഞ്ഞുങ്ങളുടെ മനസില്‍ വിടരുന്ന സങ്കല്‍പ്പങ്ങള്‍ക്ക് നിറം നല്‍കാന്‍ താനാരാണ്? അവരുടെ മനസിലെ കാക്കയ്ക്കും പൂച്ചയ്ക്കും പൂമ്പാറ്റയ്ക്കും താന്‍ നിറം നല്‍കാമോ എന്ന് തോന്നാന്‍ തുടങ്ങി. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കുന്ന നിറമാണോ അവരുടെ മനസ്സിലുണ്ടാവുക? അവരുടെ പൂക്കള്‍ക്ക് ചുവപ്പാണോ? പൂമ്പാറ്റകള്‍ മഞ്ഞയും നീലയുമായിരിക്കുമോ? ഈ പിങ്കുവിനെ എങ്ങനെയാണ് ഞാനവരുടെ മുന്നിലെത്തിക്കുക?
നാലുവയസുകാരന്‍ ആയുഷ് ചിരിയോടെ ചോദിച്ചു,
‘അമ്മാ... നക്ഷത്രങ്ങള്‍ക്ക് ചിറകുണ്ടോ?
‘ഇല്ലല്ലോ’
‘ഉം ഉം, ഉണ്ടമ്മാ, ചിറകുണ്ട്... അത് താഴെ വരും’
‘ഇല്ല ആയുഷ്...’ അമ്മ ഒരു ഉരുള അവന്റെ വായില്‍ വച്ചിട്ട് പറഞ്ഞു അതിറക്കി അവന്‍ ചോദിച്ചു, ‘അപ്പൊ ഞാനെങ്ങനെ നക്ഷത്രങ്ങളുടെയടുത്ത് പോകും? അമ്മയെനിക്ക് സ്റ്റെപ്പുകളുണ്ടാക്കിത്തരുമോ? മുത്തശ്ശന്റെ വീട്ടിലെപ്പോലത്തെ ഏണിപ്പടികള്‍?’ ദോശ കഴിച്ച്, പ്ലേറ്റു കഴുകിവച്ച് അവനി വീണ്ടും മുറിയിലേക്ക് വന്നു. ആയുഷും മോളും തന്നെ അവര്‍ക്കരികിലേക്ക് വിളിക്കുന്നു. റിട്ടേഡ്മെന്റിനുശേഷം പോകാമെന്ന് രാഗേഷും പറയുന്നു, പക്ഷെ...
 അവനി, കളര്‍ബോക്സ് കയ്യിലെടുത്തു. കുട്ടിക്കാലത്ത് താന്‍ വരച്ചു ചുമരിലൊട്ടിച്ച വ്യത്യസ്ത വലിപ്പത്തിലുള്ള ഇതളുകളുള്ള പൂവിന്റെ ചിത്രം വെറുതെ ഓര്‍മ്മ വന്നു. ഓരോ ഇതളിനും ഓരോ നിറം. ഇപ്പോഴത്തെ തന്റെ ചിത്രങ്ങളുടെ അനാവശ്യമായ ക്രമവും അച്ചടക്കവും നോക്കി, അവനി ബ്രഷ് കൈയ്യിലെടുത്തു. പിങ്കുവിന്റെ ഓരോ മുള്ളിലും മിന്നാമിന്നികളെ വരച്ചു. പിങ്കുവിന് ചിറകുകള്‍ കൊടുത്ത്, ആനിമേഷനിലൂടെ അവനെ ബഹിരാകാശത്തേക്ക് പറപ്പിച്ചു. അവിടെച്ചെന്ന് അന്യഗ്രഹജീവികളോട് കൂട്ടുകൂടുന്ന പിങ്കു. അവന്‍ പറയുന്ന തന്റെ ഭൂമിയിലെ കാഴ്ചകള്‍. അതാകട്ടെ പുതിയ തീം. ആ കാഴ്ചകളെക്കുറിച്ചെഴുതി അയച്ചു കൊടുക്കുന്ന കുട്ടികള്‍ക്ക് നല്ല സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ചൊരു മത്സരം സംഘടിപ്പിക്കണം. പത്തുവയസ്സില്‍ താഴെയുള്ളവര്‍ക്ക്. അവരുടെ മനസ്സിലെ ഭൂമി, ചുറ്റുപാട്... വലിയവരുടേതല്ലാത്ത ഭൂമി!!
അവനി ഫോണ്‍ എടുത്തു.
‘സര്‍, സര്‍പ്രൈസ് സ്റ്റോറി തയ്യാറായിട്ടുണ്ട്. കൂടെ ഒരു മത്സരം കൂടി അറേഞ്ച് ചെയ്യൂ, നല്ല സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ച്... അതെ സര്‍, വ്യാഴാഴചയാവുമ്പോഴേക്കും മെയില്‍ ചെയ്യാം.. ഉം... അത് പിന്നെ പറയാം, സാര്‍ അനൌണ്‍സ് ചെയ്തോളൂ.... താങ്ക്യു. ശരി സര്‍,.. ഫോണ്‍ വച്ചു. പിങ്കുവില്‍ നിറങ്ങള്‍ ചേര്‍ത്തു.
 പിന്നെ ഓര്‍ത്തു, നിഖിതയ്ക്ക് ജീനുകളെക്കുറിച്ചുള്ള പ്രസന്റേഷന് വേണ്ട ഗ്രാഫിക്സുകളുണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നുവല്ലോ. അവനി, വരച്ചുവച്ച സ്കെച്ചുകള്‍ നോക്കി, ‘ജനിതകക്കോണിയുടെ പിരികള്‍’ വരയ്ക്കാന്‍ തുടങ്ങി. ഭാവനാലോകത്തേക്ക് പോകുന്ന പടികളെന്നോണം അതിനെ ഉയര്‍ത്തി വരച്ചു. ആ പൊക്കത്തിന്റെ അറ്റത്ത് നിറയെ നക്ഷത്രങ്ങളെ വരച്ചു. ചിറകുള്ള നക്ഷത്രങ്ങള്‍... തലമുറകളിലേക്ക് നീളുന്ന ആ ഏണിപ്പടികള്‍... പേരമകളിലേക്ക്, അമ്പിളിയിലേക്ക് സഞ്ചരിക്കുന്നുവെന്ന് തോന്നിയപ്പോള്‍ അവനി ഫോണെടുത്തു. അങ്ങോട്ട് പോണം. അവളെക്കാണണം.
‘അമ്മാ എന്താ ഈ നേരത്ത്?’ ആയുഷ് ചോദിച്ചു. അവിടെയിപ്പോള്‍ രാത്രിയാണ് മോളുറങ്ങാന്‍ കിടക്കുന്നു.
‘നീ മോള്‍ക്ക് കൊടുക്ക്’ 
ഫോണില്‍, കൊഞ്ചിയുള്ള മലയാളത്തില്‍ അമ്പിളിക്കുട്ടി വന്നു. 
‘അച്ചമ്മാ... ഒരു മുത്തായിക്കത പറഞ്ഞു തരോ?’
അവനി ഇത്രമാത്രം പറഞ്ഞു ‘ആയുഷ് ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്’ ഫോണ്‍ കട്ട് ചെയ്തു.
 കോണിയുടെ ചുവട്ടില്‍ നിറയെ മിന്നാമിന്നികളെയും പൂക്കളേയും വരച്ചു. ഈ ചിറകുള്ള നക്ഷത്രങ്ങള്‍ ആയുഷിനരികില്‍ പറന്നു വരുമല്ലോ, പിന്നെ ഏണിയെന്തിന്? അവനി അത് മായ്ചുകളഞ്ഞു. ആനിമേഷനിലൂടെ അവയെ ചലിപ്പിച്ചപ്പോള്‍ നക്ഷത്രങ്ങള്‍ പറന്നു പറന്ന് താഴെ വന്നു. അവര്‍ മിന്നാമിനുങ്ങുകളോട് ചേര്‍ന്ന് പറന്നു നടന്നു. ചുണ്ടില്‍ നൂറായിരം മുട്ടായിക്കതകളുമായി...

No comments:

Post a Comment