ഒരിക്കൽ കുറെക്കാലം ജീവിച്ച് പിന്നീട് തിരിച്ച് ചെല്ലാനാവാത്ത ഇടങ്ങളുടെ കൂമ്പാരമുണ്ട് എന്റെയുള്ളിൽ. ഒരിക്കൽ മാത്രം താമസിച്ച വീടുകൾ. പലതരം മുറികൾ...ഇടുങ്ങിയത്, നീണ്ടത്, വെളുത്ത നിറമുള്ളത്, നീല, പച്ച, പെയിന്റുകൾ മുഷിഞ്ഞത്, പെയിന്റടർന്നത്, ചുവരിൽ വിള്ളലുകൾ വീണത്, പൊടിപിടിച്ച ജനാലച്ചില്ലിൽ മങ്ങിയ നിലാവ് തട്ടി മുറിക്കുള്ളിൽ വരുന്നത് അങ്ങനെ എത്രയെത്ര. അഞ്ജന കണ്ണാടി നോക്കി. ഇതുപോലെ എത്രയെത്ര കണ്ണാടികൾ. എത്രയെത്ര പ്രതിബിംബങ്ങൾ. എത്രയെത്ര ഞാൻ...
തിരക്കേറിയ റോഡിലൂടെ നടക്കുമ്പോഴും അവൾക്ക് ധൃതിയുണ്ടായിരുന്നില്ല. അലസമായി വഴികളും കടകളും വിൽപ്പനക്കാരേയും നോക്കി നോക്കി അവൾ നടന്നു. നേരം കുറെശ്ശെ ഇരുട്ടിത്തുടങ്ങിയിരുന്നു. ഇവിടെവിടെയോ ആണ് മുപ്പതോളം വർഷങ്ങൾക്ക് മുൻപ് താൻ നടന്ന് സ്കൂളിൽ പോയിരുന്നൊരിടവഴി. അന്നു വഴിതിരിയുന്നിടത്ത് ഓടിട്ട കടമുറികൾ. മറവിയിൽ പോലുമവശേഷിക്കാത്ത ചില മിഠായി മധുരങ്ങൾ. പിന്നീടിത്രയും കാലങ്ങളിലേക്ക് ഓർമ്മയെ പിടിച്ചുകുലുക്കുന്ന ചില മാറക്കാഴ്ചകൾ. നടത്തം അലസമാണെങ്കിലും അവൾ ഓരോ മുക്കും മൂലയും പരിശോധിച്ച് കൊണ്ടിരുന്നു. പരിചിതമായതൊന്നും കാഴ്ചയിൽ തെളിഞ്ഞില്ല. ഒരിടത്തേക്ക് രണ്ടാമതൊരു മടക്കമില്ലെന്ന തോന്നൽ ഉള്ളിലൊരാന്തലുണ്ടാക്കി. ഒരിടം ഒരിക്കൽ മാത്രം സംഭവിക്കുന്നു. കയ്യകന്ന ബന്ധങ്ങളുടെ മുറിഞ്ഞുപോകാത്ത കെട്ടുപാടുകൾ പിടിച്ചുവലിക്കുമ്പോലെ....മടങ്ങിച്ചെന്നാൽ തിരിച്ചറിയാത്ത വിധം മാറിപ്പോയ ഇടങ്ങൾ, ചില മനുഷ്യരെപ്പോലെ.
പെട്ടെന്ന് പാന്റിലാരോ പിടിച്ച് വലിക്കുന്നൊരു തോന്നലും ഒരു നീറ്റലും തോന്നി. അവൾ നിന്നു. വെളുത്ത് മെലിഞ്ഞൊരു തെരുവുപട്ടി! എന്തൊരു ധൈര്യമാണതിന്. ഞെട്ടിത്തിരിഞ്ഞ് അതിനെ ഓടിച്ച ശേഷം ഫുഡ് പാത്തിലെ മതിലിന്റെ കെട്ടിലിരുന്ന് അവൾ കാലിൽ സൂക്ഷ്മം നോക്കി. പല്ല് കാലിൽ ആഴ്ന്നിരുന്നു. ടവ്വലുകൊണ്ട് തുടച്ചു. ഈ ഇടം എന്നും മുറിവുകളുടേതാണ്. എട്ടാം വയസിൽ ആദ്യമായിപ്പിണഞ്ഞ ഇന്നും മായാത്ത മുറിവ് ഒരിക്കൽ കൂടി തുറന്ന് ചുവപ്പുരാശി വിതറി. അതിനുശേഷം എന്തെല്ലാം മുറിവുകൾ. എത്രതരം തുന്നിക്കൂട്ടലുകൾ...കരിഞ്ഞെങ്കിലും പാടവശേഷിപ്പിക്കുന്നവയെത്ര, നേർത്ത പോറലുണ്ടാക്കി മറഞ്ഞവയെത്ര !
അവിടെയെവിടെയോ ശ്യാമുണ്ടായിരുന്നെന്ന് അവൾക്ക് തോന്നി. ഉണ്ടക്കണ്ണുള്ള കുറുമ്പൻ ചെക്കൻ. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. അപ്പ പണി ചെയ്തിരുന്ന പാടം അവിടെ എവിടെയാണെന്ന് കണ്ടെത്തുക പ്രയാസം. അവിടെയാവണം ഒരു പഞ്ചനക്ഷത്ര ഹൌസിംഗ് കോളനി ഉയർന്നുപൊങ്ങി നിൽക്കുന്നു. അതിനുചുറ്റും ആവശ്യത്തിനും അനാവശ്യത്തിനും ഇട്ട ബൾബുകളിൽ നിന്ന് പരക്കുന്ന പ്രകാശമാലിന്യം അവളെ അലോസരപ്പെടുത്തി. ഈ കാലത്ത് പോലും ഒറ്റവിളക്കിന് കീഴിൽ പഠിക്കാനും ജീവിതം നയിക്കാനും പാടുപെടുന്ന ഒരുകൂട്ടം പേരുടെ കൂടെയായിരുന്നു താൻ ഇവിടേക്ക് പോരുന്നതിന് മുൻപ് താമസിച്ചതെന്ന് വെറുതെ ഓർത്തു.
ഈ മങ്ങിയ സന്ധ്യയ്ക്ക് അവളന്വേഷിച്ച് ചെന്നത് പൊക്കം കുറഞ്ഞ മതിലും കറുത്ത പെയിന്റടിച്ച ഗേറ്റുമുള്ള ഒരു നീല ഇരുമുറി വീടായിരുന്നു. അതിനഭിമുഖമായാണ് തങ്ങളുടെ ചെറിയ കൂരയുടെ മുറ്റത്ത് ഏഴുവയസുവരെ അവൾ കുളിച്ചിരുന്നത്. മുറ്റത്ത് തന്നെയും അനിയനേയും ഒരുമിച്ച് അമ്മ കുളിപ്പിച്ചു. അവരുടെ കറുത്തശരീരം എണ്ണയിൽ മിനുങ്ങുന്ന ഓർമ്മയിൽ പിന്നെയും ഉള്ളിലെ കരിയാത്ത ഏതോ മുറിവുണർന്ന് കൈനീട്ടി.
ആ വീട്ടിൽ ഒരാണുണ്ടായിരുന്നു. ഒരു പെണ്ണുണ്ടായിരുന്നു. ഇപ്പുറത്തെ ഓലവീട്ടിലെ കറുത്ത കുഞ്ഞുങ്ങളെ മാറ്റി നിർത്താതെ കണ്ടിരുന്നു അവർ. കുറുമ്പൻ ചെക്കന് കളിപ്പാട്ടം കൊടുക്കുന്നവർ. വീട്ടിലേക്ക് വിളിച്ചു കയറ്റി പലഹാരം കൊടുക്കുന്നവർ. ഓർമ്മയുടെ അറ്റങ്ങളിൽ ഇന്നും അവരുടെ മുഖം തെളിഞ്ഞ് നിൽക്കുകയാണ്. ചിരിച്ച മുഖമുള്ള വെളുത്ത പെണ്ണ്. ചുവന്ന പൊട്ടുവയ്ക്കുന്ന വീട്ടിലും സാരിയുടുക്കുന്ന പെണ്ണ്. കണ്ണിൽ ചിരിയുള്ള വെളുത്ത പുരുഷൻ. ശ്യാമുമൊത്ത് മുറ്റത്ത് കുട്ടികളെപ്പോലെ ഓടിക്കളിക്കുന്ന ആൾ. നാൽപ്പത് വയസ് കഴിഞ്ഞാലും മുപ്പത് തോന്നിക്കാത്ത മുഖമുള്ളവർ. ചുണ്ടിൽ ചിരിയുള്ളവർ. വീട്ടിൽ ഭക്ഷണമുള്ളവർ. കൊടുക്കാൻ മനസുള്ളവർ.... അങ്ങനെയായിരുന്നു കുറെക്കാലം ധരിച്ച് വച്ചത്. എന്നിട്ടും കണ്ണിൽ ചിരിയുള്ള അയാളുടെ കണ്ണിലെ മറ്റാരും കാണാത്ത കട്ടച്ചുവപ്പ്, തുന്നുകൂടാത്ത മറ്റൊരു മുറിവായി അവശേഷിക്കുന്നു.... തന്റെ ഭയങ്ങൾക്കൊക്കെയും മീതെ, കളിയും കഥയുമറിയാത്ത ഒരു ആറുവയസുകാരന്റെ ഭയം കാൽവിരലിൽ ഇരടിതെറ്റി നഖം അടർന്നൊരു നോവായും. തന്നോട് ചെയ്തത് പൊറുത്തു തുടങ്ങിയതായിരുന്നു. പക്ഷെ അവനോട് ചെയ്തത്.......ഹാന്റ് ബാഗിൽ സൂക്ഷിച്ച കത്തിയിൽ ബാഗിനുമുകളിലൂടെ കയ്യോടിച്ചു അഞ്ജന. ഒരാളെ കുത്തിക്കൊല്ലാൻ പ്ലാൻ ചെയ്യുന്ന വിഡ്ഢിത്തമോർത്ത് ചിരിച്ചു. എങ്കിലും കത്തി ഒന്നുകൂടെ അമർത്തിപ്പിടിച്ചു.
ശ്യാമത് ഒരുപാടുകാലം പറഞ്ഞില്ല. പലഹാരപ്പൊതികൾ നീട്ടുന്ന പെണ്ണ് വീട്ടിലില്ലാത്തപ്പോൾ അവനുവേണ്ടി നീട്ടപ്പെട്ട സമ്മാനമുറിവുകളെപ്പറ്റി. ഒരു എട്ടുവയസുകാരിക്ക് മാത്രം കിട്ടിയെന്നു കരുതിയ നോവ് ആറുവയസുകാരനും പങ്കുവച്ചെന്നറിഞ്ഞത് കുറച്ച് വർഷങ്ങൾക്ക് മുൻപ്. കൈമോശം വന്ന തന്റെ യൌവ്വനത്തിൽ നിന്നും ഏതോ ഒരു ചാനൽ മാറ്റിയത് പോലെ അവൻ പറഞ്ഞു, തന്റെ ചിരിയും കണ്ണിലെ തിളക്കവും വറ്റിച്ച അയാളുടെ കളികളെപ്പറ്റി. ആ പറച്ചിലോടെ എല്ലാ പറച്ചിലും അവൻ അവസാനിപ്പിച്ചു. അന്ന് അഞ്ജനയ്ക്ക് തോന്നി ഈ വഴികളിലൂടെ വീണ്ടും ഒന്ന് നടക്കണം. ആ കണ്ണുകളിലേക്കൊന്ന് നോക്കണം. നേരിയതെങ്കിലും ഓർമ്മകൊണ്ട് ഒരു പോറലുണ്ടാക്കണം. എട്ട് വയസിനുശേഷം കറങ്ങിയ പലയിടങ്ങളിൽ പല വീടുകളിൽ പലതരം ചിരികളിൽ അവൾക്ക് ചുവന്നു തുടുത്ത കണ്ണുകൾ കാണാൻ കഴിഞ്ഞു. ഓർമ്മകളെ കുടഞ്ഞെറിയുമ്പോഴാണ് ഈ പട്ടി. അവൾ ആ മുറിവിലേക്ക് ഒരിക്കൽ കൂടെ നോക്കി. പതുക്കെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.
പക്ഷെ മുന്നോട്ടുള്ള നടത്തം ഒരിക്കൽ ജീവിച്ച കാലത്തേക്ക് പിന്നീടൊരു മടക്കമില്ലെന്നോർമ്മിപ്പിച്ചു. നടന്ന വഴികൾ, കണ്ട മുഖങ്ങൾ, കേട്ട വാക്കുകൾ എല്ലാം ഈ ഒരു നിമിഷത്തേക്ക് മാത്രം. അടുത്ത നിമിഷം അതെല്ലാം മാറിമറയുന്നു. ഓരോരുത്തരും മറ്റോരോരുത്തരാവുന്നു.
അവളൊരു വഴിയിൽ വെറുതേ നിന്നു. കണ്ണടച്ചു. കറുത്ത ഗെയിറ്റുള്ള നീലപ്പെയിന്റടിച്ച വീട് കൺമുന്നിൽ തെളിഞ്ഞുവരുന്നു. ചിരിച്ച മുഖമുള്ള വെളുത്ത പെണ്ണ് ഒന്നുകൂടെ തന്നെ നോക്കി ചിരിക്കുന്നു. കണ്ണിൽ ചിരിയുള്ള വെളുത്ത പുരുഷൻ കയ്യിലെ പലഹാരപ്പൊതി നീട്ടുന്നു. ഒരെട്ടുവയസുകാരിയും ആറുവയസുകാരനും അത് കൈനീട്ടി വാങ്ങുന്നു. കണ്ണു തുറന്നപ്പോൾ മുന്നിൽ വലിയൊരു നാലുനില കെട്ടിടം തെളിഞ്ഞു. കച്ചവടവസ്തുക്കളുടെ വർണപ്പൊലിമ. റോഡിനുവശത്തെ മതിലിനരികിൽ തന്നെ കടിച്ച പട്ടി ചുരുണ്ടുകിടക്കുന്നു. അഞ്ജന പതുക്കെ നടന്നു. ഹാന്റ് ബാഗിൽ കെട്ടിയിരുന്ന ബിസ്കറ്റിന്റെ പൊതി അവളതിന് മുന്നിൽ കൊട്ടിയിട്ടു. അത് നോക്കാതെ കിടന്ന പട്ടിയുടെ വെളുത്ത കഴുത്തിൽ കത്തിമുനയിൽ നിന്നും ചുവപ്പ് പടർത്തി പതുക്കെ മുന്നോട്ട് നടക്കുമ്പോൾ ആ പ്രദേശം ഒരിക്കൽക്കൂടി ആ പ്രദേശം അല്ലാതാവുകയായിരുന്നു.
No comments:
Post a Comment