Wednesday, 16 June 2021

ഭൂമിയുടെ അവകാശികൾ ഒരു പാരിസ്ഥിതികേതര വായന

ഭൂമിയുടെ അവകാശികൾ എന്ന കഥ വായിക്കുമ്പോൾ കൂടുതലായും കേട്ടിട്ടുള്ള ചർച്ച അല്ലെങ്കിൽ ആദ്യവായനയിൽ തോന്നുന്ന അഭിപ്രായം ബഷീറിന്റെ നായക കഥാപാത്രത്തിന്റെ ആദർശബോധത്തെയും പ്രകൃതിസ്നേഹത്തെയും കുറിച്ചാണ്. അത്തരത്തിൽ ഒരു പാരിസ്ഥിതിക വായന അല്ലാതെ ഈ കഥയെ ആദർശവാദവും പ്രായോഗികവാദവും തമ്മിലുള്ള ഒരു കോൺഫ്ലിക്റ്റ് ആയി നോക്കിക്കാണാൻ ശ്രമിക്കുകയാണിവിടെ. ആദർശവാദിയായ കഥാനായകൻ ബിഗ് ബാങ്ക് തിയറിയും ജന്തുപൂജയും ഭൂമിയുടെ ഉൽപ്പത്തിയും ഓരോ സൂക്ഷ്മജീവിയുടെയും ഉത്ഭവവും ഒക്കെ നെടുങ്കൻ പ്രസംഗമായി കഥയിൽ പറയുന്നുണ്ട്. പ്രായോഗികവാദിയായ ഭാര്യ “ഭഗവാനെ പോലെയുള്ളവർ കല്യാണം ഒന്നും കഴിക്കാതെ വല്ല ഗുഹയിലും പോയി തപസ്സിരിക്കുന്ന താവും നല്ലത്” എന്ന് പരിഹസിക്കുന്നു.
ആദർശവാദം ദീർഘദൂരത്തേക്കുള്ള വീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്. മുഴുവൻ ജീവികളെ മുഴുവൻ ആദ്യം വന്നടുക്കും കൊന്നൊടുക്കും എന്നിട്ട് ഒരു 500 കൊല്ലത്തിനകത്ത് മനുഷ്യനും ഒന്നടങ്കം ചാവും എന്ന് പറയുന്ന കഥാനായകൻ, മനുഷ്യന്റെ ദീർഘകാല നിലനിൽപ്പ് മുന്നിൽ കണ്ടുകൂടിയാണ് ജീവികളെ ഉപദ്രവിക്കരുത് എന്ന് പറയുന്നത്. സൈദ്ധാന്തികമായി കാര്യങ്ങൾ ദീർഘവീക്ഷണത്തോടുകൂടി കാണാൻ അത് പ്രേരിപ്പിക്കുകയാണ്. മറ്റൊരു ഉദാഹരണം നായകൻ എനിക്ക് ഈ പ്രപഞ്ചത്തെയെല്ലാം സ്നേഹത്തോടെ ആലിംഗനം ചെയ്യാൻ തോന്നുന്നുണ്ട് എന്ന് പറയുന്നതാണ് ആദർശവാദി, അമൂർത്തമായ ആശയങ്ങളിലേക്ക് തന്റെ സങ്കല്പനങ്ങളെ വ്യാപരിപ്പിക്കുമ്പോൾ പ്രായോഗികവാദി ഞാനും മക്കളും മറ്റുമാണ് പ്രപഞ്ചമെന്ന് വിചാരിച്ചാൽ മതി എന്നു പറയുന്നു. മൂർത്തമായ ടാൻജിബിൾ ആയ ഒന്നിലേക്കാണ് പ്രായോഗികവാദം എപ്പോഴും focus ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്നു ഈ ഭാഗം. 
ഇതെല്ലാം ഇങ്ങനെ ആയിരിക്കുമ്പോഴും പ്രകൃതി എല്ലാവർക്കും ഒരുപോലെ ആണെന്ന് വാദിക്കുന്ന ആദർശവാദി നമുക്ക് നിവൃത്തിയില്ലെങ്കിൽ മറ്റ് ജീവികളെ കൊല്ലുന്നതിൽ ഇല്ലെന്ന് തെറ്റില്ലെന്ന് പറഞ്ഞു വെക്കുന്നതും കഥയിൽ കാണാം. പഴുതാരയെ കാണുമ്പോൾ പേടിച്ച് അതിനെ ചിക്കി പുറത്തു കളയൂ എന്ന് പറയുന്ന കഥാനായകൻ അതിന് ഉദാഹരണമാണ്.
 പ്രകൃതി നിയമം അനുസരിച്ച് എല്ലാ ജീവികളും തന്റെ നിലനിൽപ്പിനുവേണ്ടി ഒന്നിനെ കൊന്നും ഭക്ഷിച്ചും ഒക്കെയാണ് നിലനിൽക്കുന്നത് അത് തെറ്റല്ല എന്ന് ഭാര്യയുടെ കഥാപാത്രത്തിലൂടെ സ്ഥാപിക്കാനുള്ള ശ്രമം കാണുന്നു. അതുകൂടാതെ ഭാര്യ എലിയെ കൊല്ലണം, എലിവിഷം വാങ്ങണം, പൈസ തരണം എന്നു പറയുമ്പോൾ അയാൾ അതിനെ തടയുകയുല്ല മറിച്ച് “ഈ കൊലയിൽ എനിക്ക് പങ്കില്ല, കശ്മല സംഹാരത്തിന് ഒരുങ്ങിക്കഴിഞ്ഞു, ഞാൻ നിരപരാധി” എന്ന് പാസീവ് ആയ ഒരു പ്രതികരണത്തോടെ മാറി നിൽക്കുകയാണ് ചെയ്യുന്നത്. ആദർശവാദം ഡയലോഗിൽ മാത്രമായി പോകുന്ന ഒരു ഘട്ടം നമുക്കിവിടെ കാണാം. 
കഥയുടെ അവസാനം, കഥാനായകൻ പ്രായോഗികവാദത്തോട് യോജിക്കുന്നില്ലെങ്കിലും അതിനോട് സമരസപ്പെടാനുള്ള ഒരു വ്യഗ്രത കഥയിൽ കാണുന്നു. പ്രായോഗികമല്ലാത്ത തത്വങ്ങൾ പലപ്പോഴും ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്നതാണ്. കേവലം ആദർശത്തിൽ മാത്രം വിശ്വസിച്ചുള്ള മുന്നോട്ടുപോക്കും കേവലം പ്രായോഗികതയിൽ ഉള്ള മുന്നോട്ടു പോക്കും അപ്രായോഗികമാണെന്ന് പറയേണ്ടിവരും. അവ തമ്മിലുള്ള ഒത്തുപോക്ക് ശരിക്കും ദാമ്പത്യം പോലെ, ഒരാളെ ഒരാൾ സഹായിച്ചും ആശയങ്ങൾ ഇടകലർത്തിയും പ്രശ്നങ്ങൾ പറഞ്ഞ് തിരുത്തിയും ഒരു ലക്ഷ്യത്തിലേക്ക് പോകുന്നതിന് തുല്യമാണ് എന്ന് കഥയിലെ ഭാര്യയും ഭർത്താവും രൂപകങ്ങളായി നമുക്ക് സൂചന തരുന്നു. 
ബഷീറിയൻ ബ്രില്ല്യൻസ് ഒരിക്കലും പ്രകൃതിനിയമം പോലും തെറ്റാണെന്ന് വാദിക്കുന്ന ഒരു കടുംപിടുത്തത്തിലേക്ക് പോകുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അത്തരത്തിൽ രണ്ട് വാദഗതികളുടെ സമന്വയം ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്ന ഒരു കഥയായും ഭൂമിയുടെ അവകാശികൾ എന്ന കഥയെ വായിക്കാം.
ശ്രദ്ധിച്ചാൽ, കഥയിൽ ഒരു പൊടി മുൻതൂക്കം കഥാനായകനുള്ളതാണ്. അയാളുടെ ചിന്ത, ഒരു ബോധധാരയായി വായനക്കാരെ കഥയിലേക്ക് പ്രവേശിപ്പിക്കുന്നു. അത്തരത്തിൽ നോക്കുമ്പോൾ ആദർശങ്ങളിലും മൂല്യങ്ങളിലും ഊന്നിക്കൊണ്ടുള്ള ഒരു പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകണം എന്ന് ബഷീർ പറഞ്ഞു വയ്ക്കുകയല്ലേ ഈ കഥയിലൂടെ? 
ഒരർത്ഥത്തിൽ ആദർശവാദവും പ്രായോഗികവാദവും നമ്മുടെ ഉള്ളിൽ തന്നെയുള്ള രണ്ട് സംഗതികളാണ്. ഇതിൽ ഏതെങ്കിലും ഒന്നു മാത്രം എന്ന ചിന്ത പ്രയാസമാണ്. കേവലം ആദർശം മാത്രമായാൽ അപ്രായോഗികമായിരിക്കും ജീവിതം. പ്രായോഗികതയിൽ മാത്രം ഊന്നി ചിന്തിച്ചാൽ അത് മൂല്യങ്ങളോ മനുഷ്യത്വമോ ഇല്ലാത്ത ചിന്തയായി മാറും. പ്രായോഗികമായി ഇത് രണ്ടും കൂടി നിലനിൽക്കുന്ന അവസ്ഥയിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് എന്നു കൂടി ഓർമ്മിപ്പിക്കാൻ ഭൂമിയുടെ അവകാശികൾ എന്ന ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്.

മുട്ടായിക്കഥ

കമ്പ്യൂട്ടര്‍ ഷഡ് ഡൌണ്‍ ചെയ്ത് എഴുന്നേല്‍ക്കുമ്പോള്‍ കൈതട്ടി മറിഞ്ഞ പ്ലേറ്റിന്റെ പൊട്ടിയ കഷ്ണങ്ങളും നിലത്തു വീണടര്‍ന്ന പച്ച മുന്തിരികളും പെറുക്കിക്കൂട്ടുകയായിരുന്നു അവനി.
 ‘എന്തുപറ്റി...?’ പാത്രത്തിന്റെ ശബ്ദംകേട്ട് നിഖിത ഓടിവന്നു. മറുപടി പറയാതെ അവനി അത് അടിച്ചുകൂട്ടിക്കൊണ്ടിരുന്നു.
‘ആന്റീ, നാളെ എനിക്ക് സെമിനാറിനു ചെയ്യാനുള്ള പ്രസന്റേഷന്‍...’ ഒരോര്‍മ്മപ്പെടുത്തല്‍ പോലെ നിഖിത പറഞ്ഞു, ‘മിനിഞ്ഞാന്ന് ശരിയാക്കിത്തരാന്ന്...’ ‘ഉം, അത് ഏകദേശം കഴിഞ്ഞിട്ടുണ്ട്. നീ വൈകീട്ട് വന്നിട്ട് കാണിച്ചുതരാം. എന്നിട്ട് പ്രാക്ടീസ് ചെയ്യാമല്ലോ, ഞാന്‍ ഈ ആഴ്ച തീര്‍ത്തുകൊടുക്കേണ്ട ‘സര്‍പ്രൈസ് സ്റ്റോറി’യുടെ മൂഡിലാണ്... എന്തോ ഓർത്ത് ഒന്നു നിർത്തിക്കൊണ്ട് അവനി തുടർന്നു. ഓ, അയാള്‍ക്ക് പറഞ്ഞാല്‍ മതീല്ലോ ആ സ്റ്റോറീ ഈ സ്റ്റോറീന്നൊക്കെ, ഇപ്പോഴത്തെക്കുട്ടികള്‍ക്ക് ഏത് കഥയാണ് രസിക്കുക? നമ്മളൊക്കെ ഏതെങ്കിലും ബാലവാരിക വായിച്ച്, കഥാപാത്രങ്ങളുടെ രൂപത്തെ മനസില്‍ ആരാധനയോടെ കണ്ട്...’
പതിവ് പാരായണം കേള്‍ക്കുന്ന മടുപ്പോടെ നിഖിത തിരിച്ച് മുറിയിലേക്ക് നടന്നു. പാത്രക്കഷ്ണങ്ങള്‍ക്കൊപ്പം താന്‍ വരച്ചുവരച്ച് ചീന്തിക്കളഞ്ഞ പേപ്പര്‍ക്കൂനയും കൂടി വൃത്തിയാക്കി അവനി, തന്റെ മുറിയിലേക്ക് വന്നു.
‘അമ്മാ... ഒരു കഥകൂടി പറയൂ...’ കീറിയ ചിത്രങ്ങള്‍ കളയുമ്പോള്‍ ആയുഷ് മടയിലിരുന്ന് കൊഞ്ചുന്നത് പെട്ടെന്ന് ഓര്‍മ്മ വന്നു. അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ താന്‍ പറഞ്ഞുകൊടുത്ത കഥകളുടെ കൂമ്പാരം. പക്ഷെ ഏത് കഥയും തൃപ്തിയാവില്ലായിരുന്നു ആ മൂന്നു വയസ്സുകാരന്. മിന്നാമിനുങ്ങോ പൂമ്പാറ്റകളോ അണ്ണാന്മാരോ ഒന്നും അവന് മതിയായില്ല. പിന്നീടെന്നോ നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ അവന്‍ വിമാനം കയറിയതു മുതല്‍ താന്‍ തനിച്ചായോ എന്ന് അവനിക്ക് അപ്പോള്‍ പെട്ടെന്ന് തോന്നി. അതിപ്പോൾ എത്ര മുൻപാണ്! അവന്റെ മോള്‍ക്ക് ഇപ്പോള്‍ മൂന്നുവയസായി. പക്ഷെ ഫോണിലൂടെ കേള്‍ക്കുന്ന ശബ്ദമോ വീഡിയോ കോളിലൂടെ കാണുന്ന രൂപമോ മാത്രമാണ് തനിക്ക് അമ്പിളിക്കുട്ടി...
വേണ്ടാത്ത ചിന്തകളില്‍ നിന്നും മനസടര്‍ത്തി, അവനി വീണ്ടും പുതിയതായി ചെയ്യുന്ന കഥയിലേക്ക് മടങ്ങി വന്നു. ഇപ്പൊ ഓണ്‍ലൈന്‍ ബാലമാസികകളുടെ കാലമായിരിക്കുന്നു. കുട്ടികള്‍ക്ക് വായിക്കേണ്ട ആവശ്യമില്ല. കടുത്ത നിറങ്ങളും സംഗീതവും ചലിക്കുന്ന കഥാപാത്രങ്ങളുമുള്ള കഥകള്‍ നോക്കിയിരുന്നാല്‍ മതി അവളോര്‍ത്തു.
ഈ, തവണ പുതിയ കഥയായി എന്താണവതരിപ്പിക്കുക? അവനി, സിസ്റ്റം ഓപ്പണ്‍ ചെയ്ത്, അതില്‍ ഡിസൈന്‍ ചെയ്തുവച്ചിരിക്കുന്ന ‘പിങ്കു’ എന്ന മുള്ളന്‍ പന്നിക്ക് ഒരു തൊപ്പികൂടി വരച്ചു. മാജിക് മാലുവും കപീഷും സൂത്രനുമൊക്കെ അവനിയുടെ മനസില്‍ നിറഞ്ഞു. ആയുഷിന് പ്രിയപ്പെട്ടവരായിരുന്നു അവരെല്ലാം.
 പിങ്കുവിന് കൊടുക്കാന്‍ പറ്റിയ ഒരു ക്യാരക്ടറിന്റെ സ്വഭാവഗുണങ്ങൾ ധ്യാനിച്ചുകൊണ്ടിരുന്നപ്പോള്‍ വീണ്ടും മനസില്‍ ആയുഷിന്റെ ശബ്ദം ഉയര്‍ന്നുവന്നു.
‘അമ്മേ ചിറകുണ്ടായിട്ടും ഈ കിളികളൊന്നും ‘സ്പേസില്‍’ പോകാത്തതെന്താ? എനിക്ക് പോണം, വലുതായിട്ട്.... അപ്പയുടെ അത്ര വലുതായിട്ട്!’ അതുകേട്ട് രാഗേഷ് ചിരിച്ചതോര്‍ത്ത് അവനി വെറുതേ ചിരിച്ചു.
 വീട്ടില്‍ ആയുഷിന് പറഞ്ഞ് കൊടുത്തിരുന്ന കഥകളൊക്കെ എഴുതി പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിച്ചത് രാഗേഷായിരുന്നു. ആദ്യത്തെ പുസ്തകത്തില്‍ അവനിജ എന്ന പേര് അച്ചടിച്ച ദിവസം! 
 ഓ... ശ്രദ്ധ കിട്ടുന്നേയില്ല. പിങ്കുവിനെ എങ്ങനെയാണ് പുതിയ കഥാപാത്രമാക്കുക? അതിന്റെ മുള്ളുകളുപയോഗിച്ച് ദുഷ്ടന്മാരെ കീഴ്പ്പെടുത്തിക്കാം. പന്തുപോലെ ഉരുണ്ടുരുണ്ട് ദൂരേക്ക് സഞ്ചരിപ്പിക്കാം. പക്ഷെ, നല്ലൊരു കഥയുടെ പ്ലോട്ട് കിട്ടുന്നില്ല. കുഞ്ഞുങ്ങള്‍ കാത്തിരിക്കും ഈ ആഴ്ച തങ്ങളുടെ വക അവര്‍ക്ക് കരുതിവച്ചിരിക്കുന്ന സമ്മാനമോര്‍ത്ത്, റിങ് ചെയ്ത ഫോണ്‍ കട്ടാക്കിക്കൊണ്ട് അവനി, അല്‍പം ഉറക്കെത്തന്നെ പറഞ്ഞു, ‘ഇയാളുകാരണമാണ്... പ്രോഗ്രാം ശരിയാക്കിയിട്ട് പരസ്യം ചെയ്താല്‍ മതിയെന്ന് ഞാനപ്പോഴേ പറഞ്ഞതാ... ഒരു മാസം മുന്നേ പരസ്യം തുടങ്ങി, ഇപ്പൊ നാലും അഞ്ചും തവണ വിളിയാണ് ഞാനെന്തു ചെയ്യും?’ 
 നിഖിത, വെറുതെ ചിരിച്ചു. ഒരുങ്ങുന്നതിനിടെ കമ്മലിന്റെ കൊളുത്ത് മുറുക്കിക്കൊണ്ട് ചോദിച്ചു,
‘ആന്റീ, ഞാനിന്നുച്ചയ്ക്ക് വരാം. ഇന്നെങ്കിലും നോക്കിയാലേ നാളെ എനിക്കത്...’
 ‘ഓ, അത് ശരിയാക്കിയിട്ടുണ്ട്. ജനിറ്റിക്സിന്റെ പിരിയന്‍ കോണികള്‍! നിനക്ക് മുതിര്‍ന്ന കുട്ടികളെക്കാണിക്കാനല്ലേ? അവർക്കുള്ളതൊക്കെ എളുപ്പമാണ്. ഞാന്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ളതാണാലോചിക്കുന്നത്. നിഖിത ചോറ്റുപാത്രം ബാഗില്‍ വച്ച് പുറത്തേക്കിറങ്ങി. അവള്‍ പറഞ്ഞത് ശരിയാക്കിയിട്ടില്ലല്ലോ എന്ന് മനസിലോര്‍ത്ത് അവനി കതകടച്ചു. മൂന്നാം നിലയിലെ ഇരുമുറി ഫ്ലാറ്റില്‍ ഇനി ആയുഷും രാഗേഷും നിറയുമെന്ന് അവനിക്കു തോന്നി. 
 രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ച് കുറച്ചു കഴിഞ്ഞപ്പോഴാണ് ഈ ഡിജിറ്റല്‍ ബാലമാസികയുടെ മേധാവി വരുന്നത്. ആയുഷ്, സ്കോളര്‍ഷിപ്പോടെ വിദേശത്ത് പഠിക്കാന്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍. പിന്നൊന്നും ഓര്‍ത്തില്ല. ഒരു മാറ്റം... അത്രമാത്രം! അവരുടെ ചെറിയൊരു സംരംഭം, തനിക്ക് ചെയ്യാനെന്തെങ്കിലും... ഇവിടെ ഒരു ഫ്ലാറ്റു വാങ്ങി. രാഗേഷ് മാറ്റം കിട്ടി ചെന്നൈയ്ക്കു പോയപ്പോള്‍ നിഖിതയെ പേയിംഗ് ഗസ്റ്റായി കൂടെക്കൂടി. തന്റെ കുട്ടിക്കഥകളെ സ്വയം ആനിമേഷന്റെ സഹായത്തോടെ ചലിപ്പിച്ച് കുട്ടികളിലേക്കെത്തിക്കുന്നത് ആദ്യമൊക്കെ വലിയ സാരമുള്ള പണിയായിരുന്നു. ആയുഷ് മാത്രം കേട്ടിട്ടുള്ള തന്റെ കഥകള്‍ ഓരോ കുഞ്ഞു മനസിലേക്കും. പിന്നെയത് മടുത്തു തുടങ്ങി. വെറുതെ കണ്ട് മറക്കാന്‍ മാത്രമായി ആനിമേഷന്‍ കഥകള്‍! കഥകേട്ട് കുഞ്ഞുങ്ങളുടെ മനസില്‍ വിടരുന്ന സങ്കല്‍പ്പങ്ങള്‍ക്ക് നിറം നല്‍കാന്‍ താനാരാണ്? അവരുടെ മനസിലെ കാക്കയ്ക്കും പൂച്ചയ്ക്കും പൂമ്പാറ്റയ്ക്കും താന്‍ നിറം നല്‍കാമോ എന്ന് തോന്നാന്‍ തുടങ്ങി. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കുന്ന നിറമാണോ അവരുടെ മനസ്സിലുണ്ടാവുക? അവരുടെ പൂക്കള്‍ക്ക് ചുവപ്പാണോ? പൂമ്പാറ്റകള്‍ മഞ്ഞയും നീലയുമായിരിക്കുമോ? ഈ പിങ്കുവിനെ എങ്ങനെയാണ് ഞാനവരുടെ മുന്നിലെത്തിക്കുക?
നാലുവയസുകാരന്‍ ആയുഷ് ചിരിയോടെ ചോദിച്ചു,
‘അമ്മാ... നക്ഷത്രങ്ങള്‍ക്ക് ചിറകുണ്ടോ?
‘ഇല്ലല്ലോ’
‘ഉം ഉം, ഉണ്ടമ്മാ, ചിറകുണ്ട്... അത് താഴെ വരും’
‘ഇല്ല ആയുഷ്...’ അമ്മ ഒരു ഉരുള അവന്റെ വായില്‍ വച്ചിട്ട് പറഞ്ഞു അതിറക്കി അവന്‍ ചോദിച്ചു, ‘അപ്പൊ ഞാനെങ്ങനെ നക്ഷത്രങ്ങളുടെയടുത്ത് പോകും? അമ്മയെനിക്ക് സ്റ്റെപ്പുകളുണ്ടാക്കിത്തരുമോ? മുത്തശ്ശന്റെ വീട്ടിലെപ്പോലത്തെ ഏണിപ്പടികള്‍?’ ദോശ കഴിച്ച്, പ്ലേറ്റു കഴുകിവച്ച് അവനി വീണ്ടും മുറിയിലേക്ക് വന്നു. ആയുഷും മോളും തന്നെ അവര്‍ക്കരികിലേക്ക് വിളിക്കുന്നു. റിട്ടേഡ്മെന്റിനുശേഷം പോകാമെന്ന് രാഗേഷും പറയുന്നു, പക്ഷെ...
 അവനി, കളര്‍ബോക്സ് കയ്യിലെടുത്തു. കുട്ടിക്കാലത്ത് താന്‍ വരച്ചു ചുമരിലൊട്ടിച്ച വ്യത്യസ്ത വലിപ്പത്തിലുള്ള ഇതളുകളുള്ള പൂവിന്റെ ചിത്രം വെറുതെ ഓര്‍മ്മ വന്നു. ഓരോ ഇതളിനും ഓരോ നിറം. ഇപ്പോഴത്തെ തന്റെ ചിത്രങ്ങളുടെ അനാവശ്യമായ ക്രമവും അച്ചടക്കവും നോക്കി, അവനി ബ്രഷ് കൈയ്യിലെടുത്തു. പിങ്കുവിന്റെ ഓരോ മുള്ളിലും മിന്നാമിന്നികളെ വരച്ചു. പിങ്കുവിന് ചിറകുകള്‍ കൊടുത്ത്, ആനിമേഷനിലൂടെ അവനെ ബഹിരാകാശത്തേക്ക് പറപ്പിച്ചു. അവിടെച്ചെന്ന് അന്യഗ്രഹജീവികളോട് കൂട്ടുകൂടുന്ന പിങ്കു. അവന്‍ പറയുന്ന തന്റെ ഭൂമിയിലെ കാഴ്ചകള്‍. അതാകട്ടെ പുതിയ തീം. ആ കാഴ്ചകളെക്കുറിച്ചെഴുതി അയച്ചു കൊടുക്കുന്ന കുട്ടികള്‍ക്ക് നല്ല സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ചൊരു മത്സരം സംഘടിപ്പിക്കണം. പത്തുവയസ്സില്‍ താഴെയുള്ളവര്‍ക്ക്. അവരുടെ മനസ്സിലെ ഭൂമി, ചുറ്റുപാട്... വലിയവരുടേതല്ലാത്ത ഭൂമി!!
അവനി ഫോണ്‍ എടുത്തു.
‘സര്‍, സര്‍പ്രൈസ് സ്റ്റോറി തയ്യാറായിട്ടുണ്ട്. കൂടെ ഒരു മത്സരം കൂടി അറേഞ്ച് ചെയ്യൂ, നല്ല സമ്മാനങ്ങളൊക്കെ പ്രഖ്യാപിച്ച്... അതെ സര്‍, വ്യാഴാഴചയാവുമ്പോഴേക്കും മെയില്‍ ചെയ്യാം.. ഉം... അത് പിന്നെ പറയാം, സാര്‍ അനൌണ്‍സ് ചെയ്തോളൂ.... താങ്ക്യു. ശരി സര്‍,.. ഫോണ്‍ വച്ചു. പിങ്കുവില്‍ നിറങ്ങള്‍ ചേര്‍ത്തു.
 പിന്നെ ഓര്‍ത്തു, നിഖിതയ്ക്ക് ജീനുകളെക്കുറിച്ചുള്ള പ്രസന്റേഷന് വേണ്ട ഗ്രാഫിക്സുകളുണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നുവല്ലോ. അവനി, വരച്ചുവച്ച സ്കെച്ചുകള്‍ നോക്കി, ‘ജനിതകക്കോണിയുടെ പിരികള്‍’ വരയ്ക്കാന്‍ തുടങ്ങി. ഭാവനാലോകത്തേക്ക് പോകുന്ന പടികളെന്നോണം അതിനെ ഉയര്‍ത്തി വരച്ചു. ആ പൊക്കത്തിന്റെ അറ്റത്ത് നിറയെ നക്ഷത്രങ്ങളെ വരച്ചു. ചിറകുള്ള നക്ഷത്രങ്ങള്‍... തലമുറകളിലേക്ക് നീളുന്ന ആ ഏണിപ്പടികള്‍... പേരമകളിലേക്ക്, അമ്പിളിയിലേക്ക് സഞ്ചരിക്കുന്നുവെന്ന് തോന്നിയപ്പോള്‍ അവനി ഫോണെടുത്തു. അങ്ങോട്ട് പോണം. അവളെക്കാണണം.
‘അമ്മാ എന്താ ഈ നേരത്ത്?’ ആയുഷ് ചോദിച്ചു. അവിടെയിപ്പോള്‍ രാത്രിയാണ് മോളുറങ്ങാന്‍ കിടക്കുന്നു.
‘നീ മോള്‍ക്ക് കൊടുക്ക്’ 
ഫോണില്‍, കൊഞ്ചിയുള്ള മലയാളത്തില്‍ അമ്പിളിക്കുട്ടി വന്നു. 
‘അച്ചമ്മാ... ഒരു മുത്തായിക്കത പറഞ്ഞു തരോ?’
അവനി ഇത്രമാത്രം പറഞ്ഞു ‘ആയുഷ് ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്’ ഫോണ്‍ കട്ട് ചെയ്തു.
 കോണിയുടെ ചുവട്ടില്‍ നിറയെ മിന്നാമിന്നികളെയും പൂക്കളേയും വരച്ചു. ഈ ചിറകുള്ള നക്ഷത്രങ്ങള്‍ ആയുഷിനരികില്‍ പറന്നു വരുമല്ലോ, പിന്നെ ഏണിയെന്തിന്? അവനി അത് മായ്ചുകളഞ്ഞു. ആനിമേഷനിലൂടെ അവയെ ചലിപ്പിച്ചപ്പോള്‍ നക്ഷത്രങ്ങള്‍ പറന്നു പറന്ന് താഴെ വന്നു. അവര്‍ മിന്നാമിനുങ്ങുകളോട് ചേര്‍ന്ന് പറന്നു നടന്നു. ചുണ്ടില്‍ നൂറായിരം മുട്ടായിക്കതകളുമായി...

Wednesday, 9 June 2021

ഒരു കാടുണ്ടാവാന്‍ എത്ര മരം വേണം?

 ‘എന്റെ വീടിന് മോളിലാ സര്‍, ഇപ്പോ വിമാനം നിര്‍ത്തീടുന്നത്’... അലി പറഞ്ഞു നിര്‍ത്തി. ക്ലാസില്‍ ഒരു കൂട്ടച്ചിരി ഉയര്‍ന്നു താണു. 
 ‘അതെന്താടാ നിന്റെ വീടിനു മുകളില്‍ കപ്പലൊന്നും നിര്‍ത്തിയിടുന്നില്ലേ’ അശോകന്മാഷുടെ ചോദ്യത്തിനും നേരത്തത്തെ അതേ സ്ഥായിയില്‍ ഒരു ചിരി വീണ്ടും വിരിഞ്ഞടര്‍ന്നു. 
അലി ക്ലാസിന്റെ മൂലയില്‍ വെറുതേയിരുന്നു. വിടര്‍ന്ന ഉണ്ടക്കണ്ണുകള്‍ മിഴിച്ച് അവന്‍ ക്ലാസിനെ മൊത്തത്തില്‍ നോക്കി. കുറച്ചു പേരൊക്കെ അവനെ നോക്കി അടക്കിച്ചിരിക്കുന്നുണ്ടായിരുന്നു. 
ക്ലാസുകഴിഞ്ഞിറങ്ങിയപ്പോള്‍ അശോകന്‍ മാഷ് അവനെ കൂടെ വിളിച്ചു. തോളില്‍ കൈചേര്‍ത്ത് നടന്നു...
‘അലീ, കുട്ടികള്‍ കള്ളത്തരം പറഞ്ഞ് ശീലിക്കരുത്. നീ കാര്‍ട്ടൂണൊക്കെ കാണുമ്പോള്‍ കാണുന്ന കാഴ്ചകളൊക്കെ സത്യാണെന്ന് തോന്നുന്നുണ്ടാവും. പക്ഷെ...’
മാഷ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അലി പറഞ്ഞു, ‘ഇല്ല മാഷേ, ന്റേ വീടും ന്റെ മൂത്താപ്പാന്റെ വീടും നിന്ന സ്ഥലത്താണ് ഇപ്പോ വിമാനം നിക്കണത്. ഇക്കാന്റെ കൂടെ ഞാമ്പോയിക്കണ്ട്.’
‘നിന്റെ വീടെവിടെയാണ്?’ ചോദ്യം പിന്‍ വലിച്ചുകൊണ്ടെന്നോണം മാഷ് ഓര്‍ത്തു, ഓ അവിടെയാണ് ഇപ്പോള്‍ വിമാനത്താവളം പണി കഴിഞ്ഞത്. രണ്ട് വര്‍ഷം കൊണ്ട്! ഇവന്റെ കുടുംബമിപ്പോള്‍ പുനരധിവാസത്തിന്റെ പുറമ്പോക്ക് ഭൂമിയിലെവിടെയെങ്കിലുമായിരിക്കും. മൂന്നാം ക്ലാസു വരെ വളരെ പ്രസന്നനായി വൃത്തിയില്‍ അലക്കിത്തേച്ച കുപ്പായമൊക്കെയിട്ട് വന്നിരുന്ന അലിയെ മാഷോര്‍ത്തു.
അവനും ഉത്തരത്തിനു മിനക്കെടുന്നില്ലെന്ന് മാഷ് മനസിലാക്കി. ‘മാഷെ ന്റെ ഇപ്പള്ള വീടിന്റെടുത്ത് രാജൂന്റെ വീട്ണ്ട്. ഓന്‍ ദൂരെ ഒരു സ്ഥലത്തൂന്ന് വന്നതാ. ഓന്റെ വീട് കാട്ടിലായിരുന്നു. ആടെ പൊഴയുണ്ടായിരുന്നു. പൊഴേല് അണക്കെട്ട് വന്നപ്പൊ ഓനും ഓന്റെ വീട്ടുകാരേും ആ നാട്ടില്‍ത്തെ ആള്‍ക്കാരെ മുഴോനും ഞങ്ങള്‍ടെ വീടിന്റെടുത്തേക്ക് കൊണ്ടന്നു. ഓന്‍ കാടല്ലാതൊരു സ്ഥലം കണ്ടിട്ടില്ലാരുന്നൂത്രേ! ഓന്‍ മരത്തീക്കേറണത് കാണണം മാഷേ! പക്ഷെ ഓന്റെ വീട്ട്കാരൊക്കെ കരയ്യാ... ഓരെ കുടുംബക്കാരൊക്കെ എവിടൊക്കൊക്കെയോ പോയീത്രേ.! 
അലി അവന്റെ കുഞ്ഞിക്കണ്ണുരുട്ടി കഥ പറഞ്ഞപ്പോള്‍, ഒന്നാം ക്ലാസില്‍ ‘ഞാമ്പോവൂലുമ്മാ സ്കൂളു വാണ്ടാന്നും’ പറഞ്ഞ്, കരഞ്ഞു കരഞ്ഞ് ചുവന്ന അലിയെ അശോകന്മാഷോര്‍ത്തു. രണ്ടാം ക്ലാസിലെത്തിയപ്പോഴേക്ക് സ്കൂളു ചവിട്ടിപ്പൊളിക്കുമെന്നു പറഞ്ഞ് കുഞ്ഞിക്കുമ്പകുലുക്കി നടന്ന കുസൃതിക്കുട്ടന്‍ മാഷുടെ കണ്ണിലെത്തി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ അലി എവിടെയ്ക്കാണ് ഇല്ലാതായത്. അവന്റെ കുട്ടിക്കാലം ആ ഉണ്ടക്കണ്ണുകളില്‍ മാത്രമായി ഉറഞ്ഞുകൂടിയതുപോലെ അശോകന്‍ മാഷ്ക്കു തോന്നി.
‘മാഷേ, ധര്‍ണയ്ക്ക് വരുന്നില്ലേ’ സീത ടീച്ചര്‍ വരാന്തയില്‍ നിന്നും വിളിച്ചു ചോദിച്ചു. 
അലി, ടീച്ചറെ നോക്കിയശേഷം അനുവാദത്തിന് എന്നോണം മാഷെ ഒന്നു നോക്കി. എന്നിട്ട് പതുക്കെ ക്ലാസിലേക്ക് നടന്നു.
“ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അപചയം നടക്കുന്നത് അത്തരം സാഹചര്യങ്ങളിലാണെന്ന് നാം വിസ്മരിച്ചു കൂടാ...’’
മൈക്കിന്റെ വലിയ ശബ്ദത്തില്‍ ഒഴുകി വരുന്ന വാക്കുകള്‍ കേവലം ശബ്ദതരംഗങ്ങള്‍ മാത്രമായി ചെവിയില്‍പ്പതിക്കുകയായിരുന്നു അശോകന്മാഷുടെ മനസില്‍.
വര്‍ഷംതോറും ലോകത്ത് സംഭവിക്കുന്ന കുടിയേറ്റങ്ങളുടെയും പാലായനങ്ങളുടെയും കണക്കുകളേക്കാള്‍ വലിയ സംഖ്യ ജനങ്ങള്‍ വികസനത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളാവുന്നതിനെപ്പറ്റി താന്‍ വായിച്ചത് അയാളോര്‍ത്തു. അവരുടെ വീണ്ടെടുക്കാനാവാത്ത ജീവിതങ്ങളെ ആരും ഓര്‍ക്കാത്തതെന്തേ? വീടില്ലാതെ, മണ്ണില്ലാതെ ജന്മനാട്ടിന്റെയും സ്വന്തം സംസ്കൃതിയുടെയും വേരുകളറ്റ് ജീവിക്കേണ്ടി വരുന്ന കുറെ മനുഷ്യര്‍. ഒരായുഷ്കാലം ഒരേയിടത്ത് ജീവിതം കെട്ടിപ്പടുത്ത വൃദ്ധര്‍, ബാല്യം ജെ. സി. ബിക്കൈകള്‍ കോരിയെടുത്ത കുട്ടികള്‍, പറിച്ചു നടലിന്റെ മുഴുവന്‍ വേദനയുമനുഭവിക്കുന്ന സ്ത്രീകള്‍.... നഷ്ടപരിഹാരവും മിച്ചഭൂമിയും കൊണ്ട് അവര്‍ക്ക് നഷ്ടപ്പെട്ടത് മടക്കിക്കൊടുക്കാനാവുമോ?
‘ഹെഡ് മാഷ് കലക്കീലേ മാഷേ.. അല്ലെങ്കിലും മൈക്കിനു മുന്നിലെത്തിയാ കൃത്യം പറയേണ്ടതെന്താന്ന് അങ്ങേര്‍ക്കറിയാം. ഒരു വാക്ക് അധികോ കുറവോ ഇല്ല. ഇലക്ഷനു നിന്നാ ജയിക്കുംന്നുറപ്പാ...’ ബിനോയ് മാഷ് ആവേശത്തോടെപ്പറഞ്ഞു. തന്റെ മുഖത്തുനോക്കിയപ്പോള്‍ തണുത്തുപോയ ഉത്സാഹത്തെ ഊതിക്കത്തിച്ച് അയാള്‍ ടീച്ചര്‍മാരുടെ ഇടയിലേക്ക് നടക്കുന്നത് അശോകന്മാഷു നോക്കി നിന്നു.
വിമാനത്താവളത്തിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ നടന്ന കുടിയൊഴിക്കലുകളുടെ കാര്യം ബീന പറഞ്ഞത് അയാളോര്‍ക്കാന്‍ ശ്രമിച്ചു. അധികാരികളെന്ന നിലയിലുള്ള സഹതാപത്തോടെ അവിടുത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും അവർക്ക് കൊടുക്കുന്ന തുച്ഛമായ തുകയെപ്പറ്റിയും ഊണുമേശയിലിരുന്ന് പച്ചക്കറി മുറിക്കുമ്പോഴാണ് അവള്‍ പറഞ്ഞത്. അയാളപ്പോള്‍ തേങ്ങ ചിരകിക്കൊണ്ട് ചാനലില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കേള്‍ക്കുകയായിരുന്നു. ഇത്രയും സഹാനുഭൂതി പ്രകടിപ്പിച്ച ബീന തന്നെ, ഒഴിപ്പിക്കലു കാരണം ഉണ്ടായ ജോലിത്തിരക്കുകളെക്കുറിച്ചും പദ്ധതി എളുപ്പമാക്കാനുള്ള ഉപായങ്ങളും അതിനായി പുതുക്കിപ്പണിഞ്ഞ ഓര്‍ഡറുകളും മേലുദ്യോഗസ്ഥന്റെ തന്ത്രപരമായ ഇടപെടലുകളെക്കുറിച്ചുമൊക്കെ വന്നു പറയുമ്പോള്‍ താന്‍ ചാനലില്‍ ജൈവകൃഷിയെക്കുറിച്ചുള്ള പരിപാടി കാണുകയായിരുന്നു. എന്തേ ഇതൊക്കെ ഓര്‍ത്തുവയ്ക്കാന്‍, ഒരിക്കലും ചിന്തിക്കുകകൂടി ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ബോധതലത്തില്‍ വന്നപ്പോള്‍ അശോകന്മാഷ്ക്ക് അസ്വസ്ഥത തോന്നി.
അപ്പോള്‍ വികസനം വേണ്ടേ? നാട് വളരണ്ടേ, വിമാനത്താവളങ്ങള്‍, പാലങ്ങള്‍ നല്ല നല്ല റോഡുകള്‍, മെട്രോ, നിരവധി തൊഴിലവസരങ്ങള്‍, മുന്തിയ സ്കൂളുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ശീതീകരിച്ചമുറിയില്‍ ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി, ഉയര്‍ന്ന തൊഴിലവസരങ്ങള്‍... 
അതിനല്ലേ മകനെ സിറ്റിയിലെ പ്രധാനപ്പെട്ട സ്കൂളില്‍ പഠിപ്പിക്കുന്നത്. അവന്റെ പരീക്ഷാക്കാലത്ത് ടെൻഷനടിച്ച് ബീനയ്ക്ക് പനിപിടിക്കുന്നതോര്‍ത്തപ്പോള്‍ ഇതുവരെ അറിയാത്തൊരു വികാരം പൂണ്ട ചിരി അയാളുടെ ചുണ്ടില്‍ വിരിഞ്ഞു.
വൈകീട്ട് സ്കൂളില്‍ കയറി ഒപ്പിട്ട് ബൈക്കുമെടുത്തിറങ്ങി. ഒരാഴ്ച ലീവെഴുതിയത് രജിസ്റ്ററില്‍ വയ്ക്കാന്‍ മറന്നല്ലോ എന്നോര്‍ത്ത് അയാള്‍ തിരിച്ചുകയറി. വീണ്ടും ഇറങ്ങുമ്പോള്‍ മഴ നേര്‍ത്ത് ചാറുന്നുണ്ടായിരുന്നു. വഴി തിരിഞ്ഞ്, ആളുകള്‍ക്ക് പുനരധിവാസത്തിനായിക്കൊടുത്ത കോളനി വഴിയൊന്നു കയറിയാലോ എന്നാലോചിച്ചു. മഴക്കാലം അവിടെ എങ്ങനെയായിരിക്കും? പിന്നെ ചിന്തകളെ വഴിതിരിച്ചുവിടാന്‍ അയാളൊരു സിനിമയ്ക്ക് കയറി.
ഒരാഴ്ച കഴിഞ്ഞ് ചെല്ലുമ്പോള്‍ അലി ക്ലാസിലുണ്ടായിരുന്നില്ല. മൂന്നുദിവസം കഴിഞ്ഞും അവനെക്കണ്ടതേയില്ല. കുട്ടികള്‍ക്കറിയില്ലെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ടോ അശോകന്മാഷിന് ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. നാലാം ദിവസം അലി സ്കൂളില്‍ വന്നു. അവന്റെ കണ്ണുകളില്‍ വലിയ ഗൌരവം നിഴലിച്ചിരുന്നു. വരാന്തയില്‍ ഒറ്റയ്ക്കെന്തോ നോക്കി നിൽക്കുമ്പോൾ മാഷ് അവനടുത്തുവന്നു.
‘കുറെ ദിവസമായല്ലോ എവിടെപ്പോയി?’ ചോദ്യത്തില്‍ അവനെ വീണ്ടും കണ്ടതിന്റെ ആശ്വാസം ഒളിഞ്ഞിരുന്നിരുന്നു.  ‘രാജൂന്റെ അമ്മ മരിച്ചു ഓന്റെ കൂടെ...’ ചെറിയ ഭയത്തോടെയെന്നവണ്ണം അവന്‍ പറഞ്ഞു നിര്‍ത്തി. പിന്നെ വീണ്ടും വിടര്‍ കണ്ണുകളോടെ പറഞ്ഞു ‘ഓര്ടെ മയ്യത്തടക്കം നമ്മടെ മാതിരിയല്ലാത്രേ. കാട്ടില് വേറെ മാരിയാണത്. അതുപോലെ ഇവ്ടെപ്പറ്റില്ലാത്തോണ്ട് ഓന്റമ്മ സൊര്‍ഗത്തി പോവൂല്ലാന്ന് ഓന്‍ പറഞ്ഞ്.... കൊറെക്കരഞ്ഞ്...
‘കാട് വേണം ഓരിക്ക്....’
കാട് വേണം അവര്‍ക്ക് അയാള്‍ മനസില്‍ ഉരുവിട്ടു.
‘മാഷേ ഒരു കാടുണ്ടാവാന്‍ എത്രമരം വേണം?’ 
ഇതുവരെ കാടുകാണാത്ത നിഷ്കളങ്കത ആ ചോദ്യത്തിലുണ്ടായിരുന്നു. ആ കണക്കിന്റെ വഴിയറിയാതെ അശോകന്മാഷ് കുറച്ചു നേരം പകച്ചു നിന്നു.
‘രാജൂനോട് ചോയ്ച്ചിട്ട് ഒന്നും പറഞ്ഞില്ലാ, അല്ലേത്തന്നെ ഓന്‍ പറയണതൊക്കെയൊന്നും ഇക്ക് തിരിയൂലാ...’ ‘അവനെന്താ സ്കൂളില്‍ വരാത്തത് എത്ര പ്രായം കാണും?’ ‘ഇന്റെ ഇക്കാനെക്കാളും മൂത്തതാ, സ്കൂളീപ്പണ്ട് പോയീര്‍ന്നത്രേ പിന്നെ നിര്‍ത്തീന്ന്. ഇവ്ടെ വന്നപ്പ, ന്റെ ബാപ്പ ചോയിച്ചീര്‍ന്നു, ഓനില്ലാന്ന് പറഞ്ഞ്.’
‘അപ്പൊ ഈ മൂന്നീസം രാജൂന്റെ വീട്ടിലായിരുന്നൂലേ’ മാഷ് ചെറിയൊരു ചിരിയോടെ ചോദിച്ചു.
‘ഇല്ല, ഞങ്ങടെ വീടിന്റെ പിന്നില് പുതിയ കെട്ടിടം വരണില്ലേ, അതിന്റെ മുമ്പില് തോനെ സ്ഥലണ്ടല്ലോ, ഞാനും ആരിഫയും കൂടി അവിടെ നെറയെ ചെടികള് വച്ചു. ഒരു വല്യ കാട്ണ്ടാക്കാനാ; രാജു പറഞ്ഞു കാടില്ലാത്തോണ്ട് മരിച്ചാല് ഓനും സ്വര്‍ഗത്തില് പൂവൂലാന്ന്.
ദിന്‍ഷ ടീച്ചര്‍ അലിയുടെ ക്ലാസിലേക്ക് കയറി. അശോകന്മാഷ് അവന്റെ കണ്ണുകളിലേക്ക് നോക്കി. തലമുടി പതുക്കെ തടവി ഒന്ന് ചിരിച്ച് അയാള്‍ മുന്നോട്ടു നടന്നു. അലി ഓടി ക്ലാസില്‍ക്കയറി.
‘അലീ മൂന്നു ദിവസം എവിടെയായിരുന്നു’ ടീച്ചര്‍ അവനെ നോക്കി. കിതച്ചുകൊണ്ട് ‍ബെഞ്ചിലിരിക്കുന്നതിനു മുന്‍പ് അവന്‍ കുറച്ചൊക്കെപ്പറഞ്ഞു, ‘ഞാന്‍ കാടുണ്ടാക്കാന്‍ പോയായിരുന്നൂ...’
ക്ലാസില്‍ അപ്പോഴും ഒരു കൂട്ടച്ചിരി ഉയര്‍ന്നു താണു...

പട്ടി


    ഒരിക്കൽ കുറെക്കാലം ജീവിച്ച് പിന്നീട് തിരിച്ച് ചെല്ലാനാവാത്ത ഇടങ്ങളുടെ കൂമ്പാരമുണ്ട് എന്റെയുള്ളിൽ. ഒരിക്കൽ മാത്രം താമസിച്ച വീടുകൾ. പലതരം മുറികൾ...ഇടുങ്ങിയത്, നീണ്ടത്, വെളുത്ത നിറമുള്ളത്, നീല, പച്ച, പെയിന്റുകൾ മുഷിഞ്ഞത്, പെയിന്റടർന്നത്, ചുവരിൽ വിള്ളലുകൾ വീണത്, പൊടിപിടിച്ച ജനാലച്ചില്ലിൽ മങ്ങിയ നിലാവ് തട്ടി മുറിക്കുള്ളിൽ വരുന്നത് അങ്ങനെ എത്രയെത്ര. അഞ്ജന കണ്ണാടി നോക്കി. ഇതുപോലെ എത്രയെത്ര കണ്ണാടികൾ. എത്രയെത്ര പ്രതിബിംബങ്ങൾ. എത്രയെത്ര ഞാൻ...
തിരക്കേറിയ റോഡിലൂടെ നടക്കുമ്പോഴും അവൾക്ക് ധൃതിയുണ്ടായിരുന്നില്ല. അലസമായി വഴികളും കടകളും വിൽപ്പനക്കാരേയും നോക്കി നോക്കി അവൾ നടന്നു. നേരം കുറെശ്ശെ ഇരുട്ടിത്തുടങ്ങിയിരുന്നു. ഇവിടെവിടെയോ ആണ് മുപ്പതോളം വർഷങ്ങൾക്ക് മുൻപ് താൻ നടന്ന് സ്കൂളിൽ പോയിരുന്നൊരിടവഴി. അന്നു വഴിതിരിയുന്നിടത്ത് ഓടിട്ട കടമുറികൾ. മറവിയിൽ പോലുമവശേഷിക്കാത്ത ചില മിഠായി മധുരങ്ങൾ. പിന്നീടിത്രയും കാലങ്ങളിലേക്ക് ഓർമ്മയെ പിടിച്ചുകുലുക്കുന്ന ചില മാറക്കാഴ്ചകൾ. നടത്തം അലസമാണെങ്കിലും അവൾ ഓരോ മുക്കും മൂലയും പരിശോധിച്ച് കൊണ്ടിരുന്നു. പരിചിതമായതൊന്നും കാഴ്ചയിൽ തെളിഞ്ഞില്ല. ഒരിടത്തേക്ക് രണ്ടാമതൊരു മടക്കമില്ലെന്ന തോന്നൽ ഉള്ളിലൊരാന്തലുണ്ടാക്കി. ഒരിടം ഒരിക്കൽ മാത്രം സംഭവിക്കുന്നു. കയ്യകന്ന ബന്ധങ്ങളുടെ മുറിഞ്ഞുപോകാത്ത കെട്ടുപാടുകൾ പിടിച്ചുവലിക്കുമ്പോലെ....മടങ്ങിച്ചെന്നാൽ തിരിച്ചറിയാത്ത വിധം മാറിപ്പോയ ഇടങ്ങൾ, ചില മനുഷ്യരെപ്പോലെ.
പെട്ടെന്ന്   പാന്റിലാരോ പിടിച്ച് വലിക്കുന്നൊരു തോന്നലും ഒരു നീറ്റലും തോന്നി. അവൾ നിന്നു. വെളുത്ത് മെലിഞ്ഞൊരു തെരുവുപട്ടി! എന്തൊരു ധൈര്യമാണതിന്. ഞെട്ടിത്തിരിഞ്ഞ് അതിനെ ഓടിച്ച ശേഷം ഫുഡ് പാത്തിലെ മതിലിന്റെ കെട്ടിലിരുന്ന് അവൾ കാലിൽ സൂക്ഷ്മം നോക്കി. പല്ല് കാലിൽ ആഴ്ന്നിരുന്നു. ടവ്വലുകൊണ്ട് തുടച്ചു. ഈ ഇടം എന്നും മുറിവുകളുടേതാണ്. എട്ടാം വയസിൽ ആദ്യമായിപ്പിണഞ്ഞ ഇന്നും മായാത്ത മുറിവ് ഒരിക്കൽ കൂടി തുറന്ന് ചുവപ്പുരാശി വിതറി. അതിനുശേഷം എന്തെല്ലാം മുറിവുകൾ. എത്രതരം തുന്നിക്കൂട്ടലുകൾ...കരിഞ്ഞെങ്കിലും പാടവശേഷിപ്പിക്കുന്നവയെത്ര, നേർത്ത പോറലുണ്ടാക്കി മറഞ്ഞവയെത്ര !
അവിടെയെവിടെയോ ശ്യാമുണ്ടായിരുന്നെന്ന് അവൾക്ക് തോന്നി. ഉണ്ടക്കണ്ണുള്ള കുറുമ്പൻ ചെക്കൻ. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. അപ്പ പണി ചെയ്തിരുന്ന പാടം അവിടെ എവിടെയാണെന്ന് കണ്ടെത്തുക പ്രയാസം. അവിടെയാവണം ഒരു പഞ്ചനക്ഷത്ര ഹൌസിംഗ് കോളനി ഉയർന്നുപൊങ്ങി നിൽക്കുന്നു. അതിനുചുറ്റും ആവശ്യത്തിനും അനാവശ്യത്തിനും ഇട്ട ബൾബുകളിൽ നിന്ന് പരക്കുന്ന പ്രകാശമാലിന്യം അവളെ അലോസരപ്പെടുത്തി. ഈ കാലത്ത് പോലും ഒറ്റവിളക്കിന് കീഴിൽ പഠിക്കാനും ജീവിതം നയിക്കാനും പാടുപെടുന്ന ഒരുകൂട്ടം പേരുടെ കൂടെയായിരുന്നു താൻ  ഇവിടേക്ക് പോരുന്നതിന് മുൻപ് താമസിച്ചതെന്ന് വെറുതെ ഓർത്തു.
ഈ മങ്ങിയ സന്ധ്യയ്ക്ക് അവളന്വേഷിച്ച് ചെന്നത് പൊക്കം കുറഞ്ഞ മതിലും കറുത്ത പെയിന്റടിച്ച ഗേറ്റുമുള്ള ഒരു നീല ഇരുമുറി വീടായിരുന്നു. അതിനഭിമുഖമായാണ് തങ്ങളുടെ ചെറിയ കൂരയുടെ മുറ്റത്ത് ഏഴുവയസുവരെ അവൾ കുളിച്ചിരുന്നത്. മുറ്റത്ത് തന്നെയും അനിയനേയും ഒരുമിച്ച് അമ്മ കുളിപ്പിച്ചു. അവരുടെ കറുത്തശരീരം എണ്ണയിൽ മിനുങ്ങുന്ന ഓർമ്മയിൽ പിന്നെയും ഉള്ളിലെ കരിയാത്ത ഏതോ മുറിവുണർന്ന് കൈനീട്ടി.
ആ വീട്ടിൽ ഒരാണുണ്ടായിരുന്നു. ഒരു പെണ്ണുണ്ടായിരുന്നു. ഇപ്പുറത്തെ ഓലവീട്ടിലെ കറുത്ത കുഞ്ഞുങ്ങളെ മാറ്റി നിർത്താതെ കണ്ടിരുന്നു അവർ. കുറുമ്പൻ ചെക്കന് കളിപ്പാട്ടം കൊടുക്കുന്നവർ. വീട്ടിലേക്ക് വിളിച്ചു കയറ്റി പലഹാരം കൊടുക്കുന്നവർ. ഓർമ്മയുടെ അറ്റങ്ങളിൽ ഇന്നും അവരുടെ മുഖം തെളിഞ്ഞ് നിൽക്കുകയാണ്. ചിരിച്ച മുഖമുള്ള വെളുത്ത പെണ്ണ്. ചുവന്ന പൊട്ടുവയ്ക്കുന്ന വീട്ടിലും സാരിയുടുക്കുന്ന പെണ്ണ്. കണ്ണിൽ ചിരിയുള്ള വെളുത്ത പുരുഷൻ. ശ്യാമുമൊത്ത് മുറ്റത്ത് കുട്ടികളെപ്പോലെ ഓടിക്കളിക്കുന്ന ആൾ. നാൽപ്പത് വയസ് കഴിഞ്ഞാലും മുപ്പത് തോന്നിക്കാത്ത മുഖമുള്ളവർ. ചുണ്ടിൽ ചിരിയുള്ളവർ. വീട്ടിൽ ഭക്ഷണമുള്ളവർ. കൊടുക്കാൻ മനസുള്ളവർ.... അങ്ങനെയായിരുന്നു കുറെക്കാലം ധരിച്ച് വച്ചത്. എന്നിട്ടും കണ്ണിൽ ചിരിയുള്ള അയാളുടെ കണ്ണിലെ മറ്റാരും കാണാത്ത കട്ടച്ചുവപ്പ്, തുന്നുകൂടാത്ത മറ്റൊരു മുറിവായി അവശേഷിക്കുന്നു.... തന്റെ ഭയങ്ങൾക്കൊക്കെയും മീതെ, കളിയും കഥയുമറിയാത്ത ഒരു ആറുവയസുകാരന്റെ ഭയം കാൽവിരലിൽ ഇരടിതെറ്റി നഖം അടർന്നൊരു നോവായും. തന്നോട് ചെയ്തത് പൊറുത്തു തുടങ്ങിയതായിരുന്നു. പക്ഷെ അവനോട് ചെയ്തത്.......ഹാന്റ് ബാഗിൽ സൂക്ഷിച്ച കത്തിയിൽ ബാഗിനുമുകളിലൂടെ കയ്യോടിച്ചു അഞ്ജന. ഒരാളെ കുത്തിക്കൊല്ലാൻ പ്ലാൻ ചെയ്യുന്ന വിഡ്ഢിത്തമോർത്ത് ചിരിച്ചു. എങ്കിലും  കത്തി ഒന്നുകൂടെ അമർത്തിപ്പിടിച്ചു.
ശ്യാമത് ഒരുപാടുകാലം പറഞ്ഞില്ല. പലഹാരപ്പൊതികൾ നീട്ടുന്ന പെണ്ണ് വീട്ടിലില്ലാത്തപ്പോൾ അവനുവേണ്ടി നീട്ടപ്പെട്ട സമ്മാനമുറിവുകളെപ്പറ്റി. ഒരു എട്ടുവയസുകാരിക്ക് മാത്രം കിട്ടിയെന്നു കരുതിയ നോവ് ആറുവയസുകാരനും പങ്കുവച്ചെന്നറിഞ്ഞത് കുറച്ച് വർഷങ്ങൾക്ക് മുൻപ്. കൈമോശം വന്ന തന്റെ യൌവ്വനത്തിൽ നിന്നും ഏതോ ഒരു ചാനൽ മാറ്റിയത് പോലെ അവൻ പറഞ്ഞു, തന്റെ ചിരിയും കണ്ണിലെ തിളക്കവും വറ്റിച്ച അയാളുടെ കളികളെപ്പറ്റി. ആ പറച്ചിലോടെ എല്ലാ പറച്ചിലും അവൻ അവസാനിപ്പിച്ചു. അന്ന് അഞ്ജനയ്ക്ക് തോന്നി ഈ വഴികളിലൂടെ വീണ്ടും ഒന്ന് നടക്കണം. ആ കണ്ണുകളിലേക്കൊന്ന് നോക്കണം. നേരിയതെങ്കിലും ഓർമ്മകൊണ്ട് ഒരു പോറലുണ്ടാക്കണം. എട്ട് വയസിനുശേഷം കറങ്ങിയ പലയിടങ്ങളിൽ പല വീടുകളിൽ പലതരം ചിരികളിൽ അവൾക്ക് ചുവന്നു തുടുത്ത കണ്ണുകൾ കാണാൻ കഴിഞ്ഞു. ഓർമ്മകളെ കുടഞ്ഞെറിയുമ്പോഴാണ് ഈ പട്ടി. അവൾ ആ മുറിവിലേക്ക് ഒരിക്കൽ കൂടെ നോക്കി. പതുക്കെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.
പക്ഷെ മുന്നോട്ടുള്ള നടത്തം ഒരിക്കൽ ജീവിച്ച കാലത്തേക്ക് പിന്നീടൊരു മടക്കമില്ലെന്നോർമ്മിപ്പിച്ചു. നടന്ന വഴികൾ, കണ്ട മുഖങ്ങൾ, കേട്ട വാക്കുകൾ എല്ലാം ഈ ഒരു നിമിഷത്തേക്ക് മാത്രം. അടുത്ത നിമിഷം അതെല്ലാം മാറിമറയുന്നു. ഓരോരുത്തരും മറ്റോരോരുത്തരാവുന്നു. 
അവളൊരു വഴിയിൽ വെറുതേ നിന്നു. കണ്ണടച്ചു. കറുത്ത ഗെയിറ്റുള്ള നീലപ്പെയിന്റടിച്ച വീട് കൺമുന്നിൽ തെളിഞ്ഞുവരുന്നു. ചിരിച്ച മുഖമുള്ള വെളുത്ത പെണ്ണ് ഒന്നുകൂടെ തന്നെ നോക്കി ചിരിക്കുന്നു. കണ്ണിൽ ചിരിയുള്ള വെളുത്ത പുരുഷൻ കയ്യിലെ പലഹാരപ്പൊതി നീട്ടുന്നു. ഒരെട്ടുവയസുകാരിയും ആറുവയസുകാരനും അത് കൈനീട്ടി വാങ്ങുന്നു. കണ്ണു തുറന്നപ്പോൾ മുന്നിൽ വലിയൊരു നാലുനില കെട്ടിടം തെളിഞ്ഞു. കച്ചവടവസ്തുക്കളുടെ വർണപ്പൊലിമ. റോഡിനുവശത്തെ മതിലിനരികിൽ തന്നെ കടിച്ച പട്ടി ചുരുണ്ടുകിടക്കുന്നു. അഞ്ജന പതുക്കെ നടന്നു. ഹാന്റ് ബാഗിൽ കെട്ടിയിരുന്ന ബിസ്കറ്റിന്റെ പൊതി അവളതിന് മുന്നിൽ കൊട്ടിയിട്ടു. അത് നോക്കാതെ കിടന്ന പട്ടിയുടെ വെളുത്ത കഴുത്തിൽ കത്തിമുനയിൽ നിന്നും ചുവപ്പ് പടർത്തി പതുക്കെ മുന്നോട്ട് നടക്കുമ്പോൾ ആ പ്രദേശം ഒരിക്കൽക്കൂടി ആ പ്രദേശം അല്ലാതാവുകയായിരുന്നു.