ഇന്നലെ കുഴിയിൽ നിന്നും കിട്ടിയ പച്ചയും ചുവപ്പും കറുപ്പും നിറങ്ങളുള്ള , മുത്തിനെക്കാൾ വലുപ്പം തോന്നിക്കുന്ന ആ വസ്തുവിനെ പതുക്കെ ബ്രഷ് കൊണ്ട് വൃത്തിയാക്കുകയായിരുന്നു പ്രകാശ് . സാധാരണ അത്തരമൊരു സാഹചര്യത്തിൽ തന്റെ കൈയിലുള്ള രഹസ്യത്തെ എങ്ങനെയെങ്കിലും മൂടിവെയ്ക്കാൻ ശ്രമിക്കുകയല്ലാതെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ ആരും മെനക്കേടാറില്ല . എങ്കിലും കുഴി മൂടിക്കഴിഞ്ഞ് ദൈവത്തിന്റെ തെളിവ് പോലെ എന്തെങ്കിലുമവിടെ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ വെളിച്ചമടിച്ചു നോക്കിയപ്പോൾ , മണ്ണിൽ പുതഞ്ഞുകിടന്ന ഈ രണ്ട് മുത്തുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന കറുത്ത ലോഹച്ചുറ്റും ആ ഇരുട്ടിലും തട്ടിമാറ്റാൻ കഴിയാതെ കൂടെപ്പോന്നു. പാൻറ്റിന്റെ പോക്കറ്റിൽ എടുത്തിട്ട അവയെ വീട്ടിൽ വന്ന് വെളിച്ചത്തിൽ തിരിച്ചും മറിച്ചും നോക്കി പ്രകാശ്.
സംഗീത മുറിയിലേക്ക് വന്നപ്പോഴും പ്രകാശ് അത് തന്നെ നോക്കിക്കൊണ്ടിരികുകയായിരുന്നു. പിന്നെ അവളുടെ മുഖത്ത് നീലിച്ചു കിടന്ന വിരൽപ്പാടിലേക്ക് തെല്ലൊരപരാധിയെപ്പോലെ അയാൾ നോക്കി . അയാളെ എന്തുചെയ്തെന്നറിയാനുള്ള ഭയം നിറഞ്ഞ ആകാംഷ അവളുടെ കണ്ണിലുണ്ടായിരുന്നു.
എന്തോ എടുത്ത് നിശ്ശബ്ദമായി അവൾ മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അയാൾ ആ ലോഹച്ചുറ്റിൽ ശ്രദ്ധിക്കുന്നത് . രണ്ട് മുത്തുകളെ തമ്മിൽ ചേർക്കുന്ന ലോഹച്ചുറ്റിന് രണ്ട് കൈകൾ തമ്മിൽ കൂട്ടി ചേർത്തുപിടിച്ച ആകൃതി വ്യക്തമായി കാണാമായിരുന്നു . വളരെ ഉറപ്പോടെ ആ മുത്തുകളെ പരസ്പരം കൂട്ടിച്ചേർത്ത രണ്ട് കൈകൾ . അവയിൽ ഒരു കൈയിൽ ആറു വിരലുകളുണ്ടായിരുന്നു. കാലപ്പഴക്കത്താലാവണം ഒരു കൈയിലെ ചെറുവിരൽ അറ്റുപോയിരുന്നു . മനസ്സിൽ ഭയവും പകയും വെറുപ്പും കയറിയിറങ്ങിയപ്പോഴും അയാൾ കൈമോശം വരാത്ത പുരാവസ്തു താല്പര്യം വെറുതേ ഒരു നിമിഷത്തിലേക്ക് ആ മുത്തുകളിൽ നിറഞ്ഞു .
ഉച്ചസ്ഥായിയിൽ ഫോണടിച്ചപ്പോൾ മുറിയിൽ നിന്നും അപ്പു ഫോണുമായി വന്നു . അവന്റെ കണ്ണുകളിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ഭയം ഇന്നലെ വൈകുന്നേരത്തെ തന്റെ 'പെർഫോമൻസ്' എത്തരത്തിലുള്ളതായിരുന്നെന് ഓർമിപ്പിച്ചു . ഇന്നലെ തന്റെ കൈയാൽ ചത്തവന്റെ കണ്ണിലും അവസാന നിമിഷം കണ്ട ഭയത്തിന് അപ്പുവിന്റെ മുഖഛായ തോന്നിയപ്പോൾ അയാൾ വെറുപ്പോടെ കണ്ണ് പിൻവലിച്ചു .
' ആരാടാ ?' ചോദ്യത്തിന് ഉത്തരം പറയാതെ കുട്ടി തിരിച്ചു പോയി .
'ഉം.. ഓക്കെ ആണ്'
'വാട്ടർ ടാങ്കിനു താഴെയാണോ ? '
'അല്ല, കാട്ടിൽ,പുഴയ്ക്ക് പോകുന്ന വഴിയുടെ സൈഡിൽ'
'സൂക്ഷിക്കണം, അവിടെ പുരാവസ്തുക്കാരുടെ നോട്ടമുള്ളിടമാണ് '
' ഇല്ല ,എന്റെ ഡിപ്പാർട്ടുമെന്റല്ല , ആ ഭാഗം ഇപ്പോ നോക്കുന്നില്ല '
' ശരി ,കൂടുതൽ ഫോണിൽ വേണ്ട , വൈകീട്ട് കാണാം '
'ഓക്കെ '
മുറിയിൽ പൊട്ടിക്കിടക്കുന്ന കുപ്പികളിലും അലങ്കോലപ്പെട്ട മേശയിലുമൊക്കെ കണ്ണോടിച്ച് കട്ടിലിലേക്ക് ചാഞ്ഞപ്പോൾ ഒരു കൊലപാതകത്തിന്റെ കുറ്റബോധം അയാൾക്ക് തോന്നിയതേ ഇല്ല .
ഉടഞ്ഞ മദ്യകുപ്പിയിൽ നോക്കി , ശത്രു തന്റെ കാലിലേൽപ്പിച്ച മുറിവിൻറെ നോവ് മറക്കാൻ പ്രകാശ് ഉറങ്ങാൻ ശ്രമിച്ചു .ചുമരിൽ അയാൾ വരച്ച,ചുവന്ന ചിത്രത്തിലേക്ക് വെയിൽ മഞ്ഞ നിറം പടർത്തി .
******
ഗ്രാമം ഉണർന്നു വരികയായിരുന്നു .പശുക്കളും കാളകളുമായി ആളുകൾ നടപ്പ് തുടങ്ങിയിരുന്നു .നാലുപാടുള്ള കാടുകളിൽ അവയെ മേയ്ക്കാനായി നീങ്ങുന്നവർ മഞ്ഞിൽ നിഴൽച്ചിത്രം തീർത്തു. ചീരുവിന്റെ മുന്നിലൂടെ അയ്‌നൻ കാളകളുമായി വന്നു. കണ്ണിൽ ചിരിയോടെയുള്ള അയാളുടെ വിളിക്കുത്തരമായി അവൾ പുറത്തിറങ്ങി .പുല്ലു മേഞ്ഞ മാടത്തിന്റെ ഇറയത്തുകൂടെ അവർ പുഴയിലേക്ക് നടന്നു .പുഴ കലങ്ങി മറഞ്ഞിരുന്നു .അയാളുടെ കൈ തട്ടി ചുവന്നകുടം,വെള്ളത്തിലൂടെ ഒഴുകി നടക്കുമ്പോൾ അയാൾ ലോഹവളയത്തിൽ കോർത്ത രണ്ട് മുത്തുകൾ അവളുടെ കൈയിൽ ഇട്ടുകൊടുത്തു . ആ മുത്തുകളെ ചേർക്കുന്നിടത്ത് അയാളുടെ ആറു വിരലുള്ള തടിച്ച കൈയും അവളുടെ നീണ്ട വിരലുകളും കോർത്തു പിടിച്ചിരിക്കുന്നു .' നിന്റെ ചിലമ്പുകഴിനോൽപിന് ' വേണ്ട ചിലമ്പ് ഞാൻ പണിഞ്ഞു തുടങ്ങിയിട്ടുണ്ട് .
ചിരിയോടെ അയ്‌നൻ അവളുടെ കണ്ണുകളിലേക്ക് നോക്കി . ചീരു ഒഴുകിപ്പോകുന്ന കുടത്തിലേക്ക് നോക്കുകയായിരുന്നു.ആ കുടം പോലെയാവണം കാലവും ഒഴുകിപ്പോയത് . ..അവളുടെ കാലിൽ ചിലമ്പണിഞ്ഞവൻറെ രണ്ടു കൈയിലും അഞ്ചു വിരലുകളേ ഉണ്ടായിരുന്നുള്ളൂ.
******
കെട്ടിറങ്ങാത്ത മദ്യലഹരിയിൽ പ്രകാശ് പതിയെ തലയുയർത്തി .തലേ ദിവസം അയാളുടെ പ്രത്യാക്രമണം കൊണ്ട് പറ്റിയ ചെറിയ മുറിവ് ശ്രദ്ധയിൽപ്പെട്ടു . ഷർട്ടഴിച്ച്അതിൽ മരുന്ന് പുരട്ടി മുറിയിൽ മേശപ്പുറത്തിരുന്ന ഭക്ഷണം വാരിക്കഴിച്ചു. താൻ ചുമരിൽ വരച്ചു വെച്ച ചിത്രത്തിന്റെ ചുവപ്പിൽ അയാൾക്ക് മൺകുടം ഒഴുകി വരുന്നത് കാണാനായി . അത് കാലത്തിന്റെ ഏത് അറ്റത്ത് നിന്നാണ് ? മ്യുസിയത്തിൽ വയ്ക്കാനായി തയ്യാറാക്കിയ മുത്തിനെ കാർബൺ പരിശോധനയ്ക്കയക്കണം. ഏതോ പുരാതന കാലത്തെ പ്രണയം തുടിക്കുന്ന ആറാം വിരലിലേക്ക് അയാൾ വീണ്ടും നോക്കി . മുറിയിൽ കുടത്തിൽ നിറച്ച വെള്ളവുമായി ചീരു വന്നു നിൽക്കുന്നു . ഏതോ ആദിമജീവിതത്തിന്റെ വസ്ത്രമുടുത്ത് , കറുത്ത കാലിൽ ചിലമ്പണിഞ്ഞ് നിൽക്കുന്ന ചീരു .
' നീയെന്തിനാണ് എന്റെ കൈയിൽനിന്ന് അതൂരിയെടുത്തത്?'ഏതോ പൂർവ്വ ഭാഷയിലാണ് ചോദിച്ചതെങ്കിലും
അയാൾക്ക് കാര്യം മനസ്സിലായി.
'ഞാനൊന്നുമെടുത്തിട്ടില്ല'
മുടിയില്ലാത്ത തലയിൽ വിരലോടിച്ച് അയാൾ പരുഷമായി പറഞ്ഞു. ചിലമ്പിച്ച സ്വരത്തിൽ എന്തൊക്കെയോ പറഞ്ഞ് അവൾ ആ മുത്തുകളിൽ കൈകുരുക്കി .
'നീ ഇതിലെ കാലത്തെ തുടച്ചുകളയുകയാണോ? എൻ്റെ വിയർപ്പും അവൻ്റെ വിരൽപ്പാടുകളും മായ്ച്ചുകളയുന്നോ ?'
മുഖത്തുനോക്കി , ശബ്ദമുയർത്തി അവൾ ചോദിച്ചപ്പോൾ അയാളുടെ കൈയുയർന്നു .അവളുടെ കഴുത്തിൽ പിടിമുറുക്കി.കൈയിലെ നാല് വിരലുകൾ കൊണ്ട് ചീരു , അയാളുടെ തടിച്ച ഫ്രെയിമുള്ള കണ്ണട മാന്തിക്കളഞ്ഞു. മൂക്കിലൂടെ ചോരയൊഴുകി. ആറടി ഉയരമുള്ള അയാൾ ചീരുവിനെ മുകളിലേക്കുയർത്തി. കുറച്ചു നേരം പിടഞ്ഞ് അവൾ നിലത്ത് വീണു. പിന്നെ ആ രണ്ട് മുത്തും കൈയിലെടുത്ത് പുറത്തിറങ്ങി.
താൻ ആഴത്തിലാഴത്തിൽ കുഴിച്ചു മൂടിയ ശരീരം കിടക്കുന്നിടത്ത് വന്നു നിന്നു. ആ വിജനമായ വഴിത്താര മറ്റൊരു കാലത്തിലേക്കെന്ന പോലെ നേർത്ത് വന്നു . പതിയെ കുഴി തുറന്ന് രാത്രിയോടെ അയാൾ തന്നെ മുറിവേൽപ്പിച്ച ആ ശരീരത്തിനടുത്തെത്തി. അവൻ്റെ ഉറഞ്ഞുപോയ , കറുത്തു തടിച്ച കൈബലത്താലകറ്റി ആ രണ്ടു മുത്തുകളെ അതിനുള്ളിൽ വയ്ക്കാൻ ശ്രമിച്ചു . കൂട്ടിപ്പിടിച്ച കൈയിൽ ആറാമത്തെ വിരൽ കാണാമായിരുന്നു.ധൃതിയിൽ കുഴി മൂടി ബൈക്കെടുത്ത് പാഞ്ഞ് പ്രകാശ് വീട്ടിലേക്ക് കയറിവന്നു . മുറിയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന അപ്പുവിനരികിൽ സംഗീത നിലത്ത് വീണുകിടക്കുന്നുണ്ടായിരുന്നു . എന്ത് ചെയ്യണമെന്നറിയാതെ നോക്കിനിന്നപ്പോൾ തൻ്റെ ചിത്രത്തിലെ ചുവന്ന കുടം അവൽക്കരികിൽ വക്കുപൊട്ടിക്കിടക്കുന്നുണ്ടായിരുന്നു . സൂക്ഷിച്ചു നോക്കിയപ്പോൾ ചെറുവിരൽ മുറിഞ്ഞുപോയ അവളുടെ കൈയിൽ നാലു വിരലുകളേ ഉണ്ടായിരുന്നുളളൂ .....
* ചിലമ്പുകഴിനോൽപ് -സംഘകാലത്ത് വിവാഹത്തിനുണ്ടായിരുന്ന ചടങ്ങ്. പെൺകുട്ടി വിവാഹശേഷം തൻ്റെ കാൽച്ചിലമ്പ് മാറ്റി പുതിയത് സ്വീകരിക്കുന്നു.
🥰🥰great effort...
ReplyDelete