Tuesday, 12 April 2022

ക്ലോസറ്റ്

കുമാരേട്ടൻ മരിച്ചിട്ട് ഇന്ന് പതിനെട്ടാമത്തെ ദിവസമാണ്. അയാളുടെ മകനെയും കൂട്ടി, പണിക്കിറങ്ങുമ്പോൾ വാസു ആലോചിച്ചു, ചെക്കൻ പഠിക്കുന്നതാണ്. ഇപ്പോൾ മാസങ്ങളായി കോളേജൊന്നും ഇല്ലാത്തതുകൊണ്ട് വീട്ടിലിരിപ്പാണല്ലോ. ഉള്ള കടങ്ങളിൽ എന്തെങ്കിലും കൂട്ടിച്ചേർപ്പാവുമല്ലോ എന്ന് അവനും ഓർത്തുകാണും. ഡിഗ്രിക്കാരനും പി.ജിക്കാരനുമാണെന്ന് പറഞ്ഞ് വീട്ടിലിരുന്നിട്ടെന്താകാര്യം!
ബാംഗ്ലൂരിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒരാളുടെ വീടിന്റെ പണിയാണ്. കുറച്ചുകാലമായി ലോക്ഡൌൺ കാരണം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പണി തുടങ്ങി. പണം ഇട്ട് മറയ്ക്കുകയാണ്. നാലാൾക്ക് താമസിക്കാൻ ഒരു കൊട്ടാരം! മുന്നെ അമ്മായിയച്ഛനായിരുന്നു പണിയുടെ മേൽനോട്ടവും കൊണ്ടുവരാറ്. ഇപ്പൊ ഐ.ടിക്കാരൻ നേരിട്ടിറങ്ങിയിരിക്കുകയാണ് ഉപദ്രവത്തിന്. അയാൾ അജിയോട് പണിയുടെ സമകാല അവസ്ഥ ഒന്ന് സൂചിപ്പിച്ചു.
“അമ്മായിയപ്പനാവുമ്പോ വല്യ പാടില്ലാരുന്നുട്ടാ. അയാള് ന്തെങ്കിലും നോക്കീം പുസ്തകം വായിച്ചിട്ടുവൊക്കെ അവിടെ ഇരുന്നോളും. ഐ. ടിക്കാരൻ നല്ല ചൊറയാ. വീടുപണിയേപ്പറ്റി ഒന്നുമറിയൂല എല്ലാത്തിലും വന്ന് എടപെടേം ചെയ്യും” ബീഡി കൊളുത്തുന്നതിനിടയിൽ പുച്ഛത്തോടെ അയാൾ പറഞ്ഞു.
കോളേജ് ജീവിതത്തെപ്പറ്റി ഓർക്കുകയായിരുന്നു അജി. കേട്ടെന്ന് ഭാവിച്ച് മൂളി. ചരിത്രമായിരുന്നു വിഷയം. പി. ജി ഡസറ്റേഷന് വിഷയമാലോചിച്ച് തുടങ്ങിയപ്പോഴാണ് കൊറോണ വന്ന് എല്ലാം അടച്ചത്. അച്ഛന്റെ മരണം കൂടിയായപ്പോൾ ഇനി കോളേജിലേക്കൊരു മടങ്ങിപ്പോക്കിന്റെ സാധ്യത അയാൾക്ക് തോന്നിയില്ല.
ഓട്ടോയിൽ അഞ്ച് പേർ കുത്തിത്തിരുകിയിരിക്കുന്നത് പോലീസ് കണ്ടിരുന്നെങ്കിൽ പണിയാകുമായിരുന്നെന്ന് പറഞ്ഞ് ഡ്രൈവർ കൂടുതൽ പൈസ ചോദിക്കുന്നത് കേട്ടു. ഒരുപക്ഷെ അയാൾക്കും പഠിക്കുന്ന മക്കളുണ്ടാവും, വീട്ടിൽ കാത്തിരിക്കുന്ന പ്രാരാബ്ധം ഉണ്ടാവും എന്നാലോചിച്ച ഉടനെത്തന്നെ അജി സ്വയം അത്ഭുതപ്പെട്ടു. ഈ ആറുമാസങ്ങൾ തന്നെ ഒരുപാട് മാറ്റിയിരിക്കുന്നു. ഒരു രൂപയ്ക്ക് വേണ്ടിപ്പോലും തല്ലുകൂടിയിരുന്ന തന്റെ സ്വഭാവം, മിടുക്ക് എന്ന് അഹങ്കരിച്ചിരുന്ന ഭാവം, അതൊക്കെ ഇത്രപെട്ടന്ന് മാറിപ്പോയോ!
പടുകൂറ്റനൊരു വീടിന്റെ മുന്നിലാണ് ഓട്ടോ നിന്നത്. പാതി പണി പിന്നിട്ട ഭീമാകാരൻ വീട് ടെക്സ്റ്റ് ബുക്കിലെവിടെയോ വായിച്ചു മറന്ന ഒരു ചക്രവർത്തിയുടെ ശവകുടീരംപോലെ തോന്നിച്ചപ്പോൾ അയാൾ നോട്ടം പിൻവലിച്ചു.
ഉള്ളതിലേക്ക് വച്ച് ഏറ്റവും പഴയ ഷർട്ടും കൈലിമുണ്ടുമാണ് ഉടുത്തിരുന്നത്. താനങ്ങനെ നടന്നിട്ടേയില്ല. ഇല്ല എന്ന തോന്നലിനെ സ്വയം മായ്ക്കാൻ എന്നോണം ഉള്ള കുറച്ച് ഷർട്ടുകൾപോലും എന്നും തേച്ച് മടക്കി ഭംഗിയായാണ് ഇട്ടിരുന്നത്. അലക്കിയ കുപ്പായം കൃത്യം മടക്കി, കിടക്കയ്ക്കടിയിൽ വയ്ക്കും. വാതിലിനു വശത്തെ ജനലിൽ തന്റെ പ്രതിബിംബം കണ്ടപ്പോൾ അച്ഛനെ ഓർത്തു. വാർക്കപ്പണിയും ടൈൽസ് വർക്കുമൊക്കെയായി സിമന്റിന്റെ നിറമുള്ള കാലുകളുണ്ടായിരുന്ന അച്ഛനെ! വാർപ്പുപണിയുടെ അന്ന് കിട്ടുന്ന സിമന്റിന്റെ മണമുള്ള ബിരിയാണിപ്പൊതി ചിരിയോടെ നീട്ടിയിരുന്ന അച്ഛനെ. അയാൾ തന്റെ കാലുകളിലേക്ക് നോക്കി. വൃത്തിയായി വെട്ടിയൊതുക്കിടയ തെളിഞ്ഞ നഖങ്ങളും മുഷിയാത്ത കറുത്ത പാദവും അയാളെ നോക്കി മഞ്ഞിയ ചിരിചിരിച്ചു. ‘ഇനി നിനക്ക് ഞങ്ങളെ ഇങ്ങനെ കാണാനാവുമോ?’ 
വീടിന്റെ ഉടമസ്ഥനെന്ന് ഊഹിക്കാവുന്ന ഒരാൾ മുന്നിലേക്ക് കടന്നുവന്നു. അജിയ്ക്ക് ഒരു റോബോട്ടിനെപ്പോലെ തോന്നി അയാളെക്കണ്ടപ്പോൾ. രണ്ടുകാലിൽ നിർത്താതെ ഓടുന്ന ഒരു യന്ത്രമനുഷ്യൻ! ആരോ കോഡ് ചെയ്ത പാറ്റേണിൽ ജീവിതം ചലിപ്പിക്കുന്ന ഒരു ലോഹക്കഷ്ണം, നിർവികാരമായ മുഖം.
അയാൾ അസ്വസ്ഥമായി പണിക്കാരെ നോക്കി. ഓരോരുത്തരും തന്നെ പറ്റിയ്ക്കാൻ വരുന്നവരാണെന്ന ഉറച്ച ഭാവം അയാളുടെ മുഖത്ത് കണ്ടു.
മുകളിലത്തെ മാസ്റ്റർബെഡ്റൂമിലെ കക്കൂസിന്റെ പണിയാണ് ഇന്നുള്ളത്. ക്ലോസറ്റ് ഇറക്കിയിട്ടുണ്ട്. അത് ഉറപ്പിക്കണം. കോണട്രാക്ടർ അന്നത്തെ പണി വിഭജിച്ചുകൊടുത്തു. സാധാരണ പ്ലംബ്ബിങ് വർക്ക് നമുക്ക് തരാറില്ലാന്നറിയാല്ലോ, ഇതിപ്പൊ ലോക്ഡൌൺ കൊണ്ട് കിട്ടിയതാണ് ദയവായി അയാളറിയണ്ട ഐ. ടിക്കാരനെ കൈചൂണ്ടി കോൺട്രാക്ടർ രഹസ്യം പറഞ്ഞു.
അവർ കൂടി നിൽക്കുന്നത് കണ്ട് യന്ത്രമനുഷ്യൻ അങ്ങോട്ട് നടന്നു വന്നു. എടോ ആ ക്ലോസറ്റ് വൈറ്റ് വാൾ ഹങ്ങിന്റേതാണ്. ഒരു ലക്ഷത്തിനുമേൽ വിലയുണ്ട് അതിന്. കൃത്യമായി ഉറപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മനസ്സിലായോ. അയാൾ കോൺട്രാക്ടറോട് നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. അപ്പോൾ അയാൾക്ക് മുസോളനിയുടെ മുഖച്ഛായ തോന്നി അജിയ്ക്ക്.
മൈതാനംപോലെ ഒരു മുറിയുടെ വശത്തായി, താൻ വീട്ടിൽ കിടക്കുന്ന മുറിയേക്കാൾ നീളവും വിസ്താരവുമുള്ള മുറിയിലേക്ക് അജി കയറി. അതിന്റെ അറ്റത്തെ ചുവരിലാണ് ക്ലോസറ്റ് ഉറപ്പിക്കേണ്ടത്. ഇന്നതിന്റെ പണിയാണ്. അവനോ ക്ലോസറ്റിന്റെ പെട്ടിയിൽ നോക്കി, വളരെ ചെറിയൊരു പെട്ടി, ചാരനിറത്തിലുള്ള ക്ലോസറ്റിന്റെ അരികിൽ സ്വർണനിറത്തിൽ ചെറിയ അരുകുകൾ പിടിപ്പിച്ചിരിക്കുന്നു.
“അജിയേ ഇപ്പൊ യൂറോപ്യൻ തന്നെ പഴേ മാതിരി ക്ലോസറ്റല്ല. ഇങ്ങനെ ഇരിക്കണ അതേ പൊസിഷൻലുള്ള ക്ലോസറ്റാണുണ്ടാവ.” കുപ്പായം മാറ്റി പഴയ സഞ്ചിയിലേക്ക് തിരുകിക്കൊണ്ട് വാസുവേട്ടൻ പറഞ്ഞു. ‘അയിന്റെ പൈപ്പ് നേരെ നമ്മള് ഇരിക്കണ സൈഡിലാണ്ട് വച്ചിട്ട് ഈ ചൊമരിന്റെ ദ് മ്മിലാണ്ട് പിടിപ്പിക്കണം’. കൈചൂണ്ടി അയാൾ കൂട്ടിച്ചേർത്തു. “കറക്ടില് വെക്കണം ട്ടാ... ആ ക്ലോസറ്റ്ന്റെ ബാക്കിലാണ്ട് ഇരിക്കണ കണ്ടാ, ആ കിണ്ടിപോലുള്ള സാനം, അതിലിക്കാണ്ട് വച്ചിട്ട് രണ്ട് നട്ടാണ്ട് കൊടുത്താമതി”. അജിയുടെ അങ്കലാപ്പ് നോക്കിക്കൊണ്ട്, അയാൾ ചെറുതായൊന്ന് ചിരിച്ചു. നീയിന്ന് അതൊന്നും ചെയ്യണ്ടാട്ടോ, കയ്യാളായിട്ട് പിടിച്ച് തന്നാ മതി.
അയാൾ ക്ലോസറ്റിന്റെ പുതിയ പെട്ടിയിൽ നോക്കി. ചുമരിൽ ചേർത്ത് വയ്ക്കുന്ന സാധനമാണ് നന്നേ ചെറുത്, ചാരനിറത്തിലുള്ള ക്ലോസറ്റിന് ഏതാണ്ടൊരു ത്രികോണാകൃതി. അരികിലെ സ്വർണവരകൾ തിളങ്ങി.
അജിയോർത്തു, വീട്ടിൽ കക്കൂസ് പണിതത് പന്ത്രണ്ടാം വയസിലാണ്. പുറത്തേക്ക് മാറി തൊടിയുടെ അറ്റത്ത് ചുമരുകെട്ടി ഒരു ക്ലോസറ്റ് പിടിപ്പിച്ചത്. തകരത്തിനെ മരത്തിലുറപ്പിച്ച വാതിൽ. മേൽക്കൂരയുണ്ടായിരുന്നില്ല. നിലാവുള്ള രാത്രികളിൽ വിളക്കെടുക്കാതെ കയറയിരിക്കും. നിലാവെളിച്ചവും മരങ്ങളിൽ നിന്നും വീഴുന്ന നിഴലുകളും നിലത്ത് ത്രീഡി ചിത്രങ്ങളൊരുക്കും. ആ ചെറിയ വീട്ടിൽ തന്റെത് മാത്രമായൊരിടം അവിടെയാണെന്ന് തോന്നിപ്പോകും. പിന്നെ ദിവാസ്വപ്നങ്ങളാണ്. ചെറിയൊരു തുളവീണ, പിടിയില്ലാത്ത അലൂമിനിയം ബക്കറ്റ്. വെള്ളം തുളയിലൂടെ ഒഴുകി വന്നു തുടങ്ങുമ്പോൾ കൈകൊണ്ട് അതിനൊരു പാത വരച്ച് കൊടുക്കും. ബക്കറ്റിൽനിന്നും വളഞ്ഞുവരുന്ന വെള്ളം അൽപസമയം കൊണ്ട് നേരായ വഴിയിലൂടെ തനിയേ വരും. വെള്ളത്തിന്റെ വഴി തടുക്കാൻ മനുഷ്യനു പറ്റില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്. വിണ്ട തറയിൽനിന്നും കൽക്കുന്നൻ അരിച്ചുവരും ചിലപ്പോൾ. അപ്പോൾ പേടിച്ച് കഴുകിയൊപ്പിച്ചൊരു ഓട്ടമുണ്ട്! അല്ലെങ്കിലും ഏത് സാമ്രാജ്യത്തിലാണ് അധിനിവേശക്കാർ ഇല്ലാതിരുന്നിട്ടുള്ളത്. ലോകത്തിന്റെ ഒരു വിധം ഭാഗങ്ങളിലെല്ലാം അധിനിവേശമുറപ്പിച്ച, പഴുതുകളിൽ കഴിയുന്നവർ, പഴുതാരകൾ. സമ്പന്നരുടെ ഈ മാർബിൾ കക്കൂസിൽ അവർക്ക് സാമ്പത്തികാധിനിവേശത്തിന്റെ പഴുതുകളില്ലല്ലോ. 
ആലോചനകളിൽ നിന്നുണർന്ന് അജി ചോദിച്ചു, ‘വാസുവേട്ടാ, ഇത് ഇത്രേം ചെറുതല്ലേ? ഫ്ലഷ് ടാങ്കൊക്കെ ഉണ്ടാവില്ലേ ഇങ്ങനത്തെ ക്ലോസറ്റിന്?
“ആ സാനം ചൊമരിന്റെ ഉള്ളിലാണ്ട് വെക്കണതാ. ടാങ്കാദ്യം ഫിറ്റ് ചെയ്യാൻ പറ്റില്ല. അയിന് കൃത്യായിട്ട് ഉയരം നമ്മള് ണ്ടാക്കണം. നമ്മടെ ടൈല് വർക്കും മറ്റുള്ള കാര്യങ്ങളും കഴിഞ്ഞിട്ട് അത്രേം കണ്ടീഷനായിരിക്കണം. അല്ലെങ്കി എന്താ അറിയ്യോ? ഇതിൽക്ക് വെള്ളം അടിച്ചാ വരില്ല.” പുതിയ ആളായതുകൊണ്ടും ചെക്കൻ മുഖത്ത്നോക്കി എല്ലാം ശ്രദ്ധിച്ച് കേൾക്കുന്നതുകൊണ്ടുള്ള ആവേശത്തിൽ അയാൾ തുടർന്നു, 
“അതീ പ്ലബിങാര് ഫിറ്റീതാങ്ങ്ട് പോയിക്കഴിഞ്ഞാ പിന്നെ നമ്മള് എന്തിയണറിയോ, ഇപ്പൊ മട്ടിക്കനം കിട്ടില്ലാ, അല്ലെങ്കില് ടൈല് വച്ചത് മേലേക്ക് വരും ന്നൊന്നും പറയാൻ പറ്റില്ല. ആ സാതനം, നമ്മള്ടെ ഫിറ്റിംഗ് റെഡിയാച്ചാല് തിൽമ്മത്തന്നെ നിക്കണം. അതിനുംവേണ്ടി നമ്മള് ടൈല് ഇട്ടത് കൊറച്ച് പൊങ്ങീീ...ന്നാ ദ് പൊസിഷൻ മാറും. അപ്പൊ വരുന്ന വെള്ളം മാറും, കറക്ടാവില്ല.”
അജി പലതും മനസ്സിലാവാത്ത മട്ടിൽ കുഴങ്ങിനിന്നു. അടുത്ത് നിന്ന മറ്റൊരു പണിക്കാരൻ അയാളെ നോക്കി. “ശരിക്ക് അതൊരു ചാർട്ട്ണ്ടാവും. അയ്ന് അനുസരിച്ച്ട്ടന്നെ ഫിറ്റീയണം. വേറെ പ്രശ്നൊന്നുല്ല. ശരിക്ക് പറഞ്ഞാ ഒന്നുംപ്പൊ ഒന്നും നോക്കണ്ട ആവശ്യം ഇല്ല. ഒക്കെ ചാർട്ട്ണ്ടാവും, അതേമാരി ഫിറ്റ് ചെയ്യാ. എഞ്ചിനീയർമാര് തരണ സാധനം അവര് പറയണമാരി, നമ്മള് അതേ പൊസിഷനില് വച്ചണ്ണൂച്ചാല് അത് കൃത്യമായിട്ട് കിട്ടും.” അയാളെ നോക്കിച്ചിരിച്ച് അയാൾ തുടർന്നു.
‘ഇപ്പൊ ഈ ടെക്നീഷ്യന്മാര് ആളുവേണോന്നില്ല. എല്ലാർക്കും അറയണ തരത്തില് കമ്പനിക്കാര് എറക്ക്ണ്ട്.’
അവനൊന്നും പറഞ്ഞില്ല. ആകെമൊത്തം അലങ്കരിച്ചു വച്ചിരിക്കുന്ന ആ മുറിയിലേക്ക് നോക്കി. വൃത്തിയും ആർഭാടവുമുള്ള ടൈലുകൾ ചുമരിൽ, ബാത്ത്ടബ്ബിന് വേണ്ടി കേറ്റിക്കെട്ടിയ തറ, തന്റെ ഓർമ്മയിലെ ഇടുങ്ങിയ സാമ്രാജ്യത്തിൽനിന്നും ഒരു മുറിയേക്കാൾ വിസ്താരമുള്ള ഈ കക്കൂസിനെ അയാൾ നിരീക്ഷിച്ചു. ഈർപ്പംപിടിച്ച മണമില്ലാത്ത, പൊട്ടിയടർന്ന നിലമോ ചുമരിൽ വലിയ ചിലന്തിവലകളോ ഇല്ലാത്ത, ആരുടേയൂം സാമ്രാജ്യമാവാൻ കെൽപ്പില്ലാത്ത ആഢംബരചതുരം.
കയറിയിരുന്നാൽ രണ്ടുകൈയും ചുമരിൽ തൊടുന്ന ഒരു ചെറിയ മുറിയെ അയാളോർത്തു. എന്നും ചുവരിന് ഈറനായിരുന്നു. അതിൽ പതുക്കെ ചെറിയ വിള്ളലുകൾ വന്നു. അവയ്ക്കായിരുന്നു തന്റെ സാമ്രാജ്യത്തിൽ വന്ന ആദ്യ കടന്നുകയറ്റക്കാർ. പൊട്ടിയ നിലത്ത് വന്ന പഴുതാരകൾ അവയ്ക്ക് സഖ്യകക്ഷി ചേർന്നു, പിന്നെ ചിലന്തികൾ, മണ്ണിരകൾ...
വീടിനകത്ത് കക്കൂസായതോടെ ആരും തന്റെ സാമ്രാജ്യത്തിലേക്ക് കടക്കാതായി. മേൽക്കൂരയില്ലാത്ത വെയിലും മഴയും മഞ്ഞും നിലാവും മാറിമാറിക്കടന്നുവരുന്ന അവിടം പതുക്കെ നിലംപൊത്തി. മൺകട്ടകളിൽ വേരുപിടിച്ചിരുന്ന വള്ളിപ്പടർപ്പുകളിൽ പിന്നീട് ചുവന്ന പൂക്കൾ ഉണ്ടായി.
“എന്തായിവിടെ? ഐ. ടിക്കാരൻ റിംഗ് മാസ്റ്ററെപ്പോലെ കടന്നുവന്നു. ദുർമേദസ് മുറ്റിയ ശരീരം അടിമുടിയിളകുന്നുണ്ടായിരുന്നു. ഇത്രനേരമായിട്ട് നിങ്ങൾ എന്താണ് കാണിക്കുന്നത്. വൈകീട്ട് കാശു വാങ്ങുമ്പോൾ ഈ മട്ടല്ലല്ലോ, ടോ, ടോ സുധീഷേ, തനിക്കെവിടെന്ന് കിട്ടിയെടോ ഈ പണിക്കാരെ. ഇതാ വീട് പണി മൊത്തം ഞാൻ കോൺട്രാക്ട് തരാഞ്ഞെ. എല്ലാവരുംകൂടെ എന്നെയങ്ങ് മുടിപ്പിക്കാന്നു വിചാരിക്കണ്ട.”
വാസുവേട്ടനെന്തൊക്കെയോ മുറുമുറുക്കുന്നതു കേട്ടു. കൊറോണകാരണം മറ്റ് പണിയില്ലാതായിപ്പോയി എന്നത് മാത്രം വ്യക്തമായി. അയാൾ ക്ലോസറ്റിന്റെ പെട്ടി തുറന്നു. അജിയോട് പിടിച്ചുതരാൻ പറഞ്ഞ് വിളിച്ചു. അയാൾ വന്ന് പിടിച്ചു.
അജി, ഐ. ടിക്കാരെന നോക്കി. എന്തിനുവേണ്ടിയാണ് അയാൾ ഇത്രമാത്രം ഒച്ചവയ്ക്കുന്നതെന്ന് അവന് മനസ്സിലായില്ല. ഈ ലോക്ഡൌൺ കാലത്ത് ദിവസങ്ങളോളം ദാരിദ്ര്യത്തിലും കടത്തിലും മുങ്ങി ഞെരുങ്ങുന്നൊരു വീട് അവന്റെ ഓർമ്മയിൽ തെളിഞ്ഞു. അമ്മയുടെ പെങ്ങളുടെ അനിയന്മാരുടെ ഒക്കെ മുഖം. അച്ഛന്റെ ശരീരത്തിലേക്ക് കയറിവന്ന തണുപ്പ്. ചികിത്സയ്ക്ക് പോകാൻ വണ്ടി കിട്ടാതെ, അവന് കിതപ്പുതോന്നി. ഈർപ്പം പിടിച്ച നാല് ചുവരുകൾ തനിക്കുചുറ്റും നിറഞ്ഞ് വരുന്നപോലെ. അത് അഭയം തരുന്നപോലെ. അതിന്റെ ചുവരിലെ വിള്ളലിൽ പഴുതാരകൾ പുളച്ച് വരുന്നപോലെ... പെട്ടെന്ന് ചുമരിടിയുംപോലെ വലിയൊരു ശബ്ദം കേട്ടു. വാസുവേട്ടൻ നട്ടുകൾ മുറുക്കുന്നതിനിടയിൽ അജി ആ ക്ലോസറ്റ് താഴേക്ക് വലിച്ചെറിഞ്ഞതായിരുന്നു അത്. രണ്ടായി വിണ്ടു കിടക്കുന്ന സെറാമിക് കഷണങ്ങളിലേക്ക് നോക്കിയപ്പോൾ അതിനുള്ളിൽനിന്നോ ആ മുറിയിലെ ടൈൽസ് പതിച്ച ചുവരിൽനിന്നോ ഒരിക്കലും ഒരു വിത്ത് മുളയ്ക്കില്ലെന്നും അവിടെയൊരിക്കലും വള്ളിപ്പടർപ്പുകളുണ്ടാവില്ലെന്നും അതിൽ ചുവന്ന പൂക്കൾ വിരിയില്ലെന്നും അയാൾ തിരിച്ചറിഞ്ഞു. താഴെ പൊട്ടിയ മാർബിളിന്റെ വിടവിലൂടെ പഴുതാരകൾ അരിച്ചുകേറി വരുന്നത് അയാൾ നോക്കി നിന്നു. തന്റെ ചുണ്ടിൽ ഒരു ചിരി വിടരുന്നത് അവൻ സ്വയം തിരിച്ചറിഞ്ഞു. സിമന്റ് നിറം പുരണ്ട കറുത്ത രണ്ട് കാലുകൾ മുന്നിൽ തെളിഞ്ഞു. അതിനോടൊപ്പം ചേറു പുരണ്ട നാലുകാലുകൾ, പിന്നെ എട്ട്, പതിനാറ്, മുപ്പത്തിരണ്ട്, അറുപത്തിനാല്... ആ മുറിയിൽ കാലുകൾ നിറഞ്ഞു. തന്റെ തെളിഞ്ഞ കാലുകളിലേക്ക് നോക്കവെ അയാളുടെ മനസ്സിൽ തന്റെ പി. ജി ഡസറ്റേഷനുള്ള വിഷയം തെളിഞ്ഞു. അതോർത്തുകൊണ്ട് അയാൾ ആ മുറിയിൽനിന്നും പുറത്തേക്ക് നടന്നു...  

Saturday, 9 April 2022

വിരൽക്കെട്ട്

ഇന്നലെ കുഴിയിൽ നിന്നും കിട്ടിയ പച്ചയും ചുവപ്പും കറുപ്പും നിറങ്ങളുള്ള , മുത്തിനെക്കാൾ വലുപ്പം തോന്നിക്കുന്ന ആ വസ്തുവിനെ പതുക്കെ ബ്രഷ് കൊണ്ട് വൃത്തിയാക്കുകയായിരുന്നു പ്രകാശ്  . സാധാരണ അത്തരമൊരു സാഹചര്യത്തിൽ തന്റെ കൈയിലുള്ള  രഹസ്യത്തെ എങ്ങനെയെങ്കിലും മൂടിവെയ്ക്കാൻ ശ്രമിക്കുകയല്ലാതെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ ആരും മെനക്കേടാറില്ല . എങ്കിലും കുഴി മൂടിക്കഴിഞ്ഞ് ദൈവത്തിന്റെ തെളിവ് പോലെ എന്തെങ്കിലുമവിടെ അവശേഷിക്കുന്നുണ്ടോ എന്നറിയാൻ വെളിച്ചമടിച്ചു നോക്കിയപ്പോൾ , മണ്ണിൽ പുതഞ്ഞുകിടന്ന ഈ രണ്ട് മുത്തുകളും അവയെ പരസ്പരം ബന്ധിപ്പിക്കുന്ന കറുത്ത ലോഹച്ചുറ്റും ആ ഇരുട്ടിലും തട്ടിമാറ്റാൻ കഴിയാതെ കൂടെപ്പോന്നു. പാൻറ്റിന്റെ  പോക്കറ്റിൽ എടുത്തിട്ട അവയെ വീട്ടിൽ വന്ന് വെളിച്ചത്തിൽ തിരിച്ചും മറിച്ചും നോക്കി പ്രകാശ്.

സംഗീത മുറിയിലേക്ക് വന്നപ്പോഴും പ്രകാശ് അത് തന്നെ നോക്കിക്കൊണ്ടിരികുകയായിരുന്നു. പിന്നെ അവളുടെ മുഖത്ത് നീലിച്ചു കിടന്ന വിരൽപ്പാടിലേക്ക് തെല്ലൊരപരാധിയെപ്പോലെ  അയാൾ നോക്കി . അയാളെ എന്തുചെയ്തെന്നറിയാനുള്ള ഭയം നിറഞ്ഞ ആകാംഷ അവളുടെ കണ്ണിലുണ്ടായിരുന്നു. 

എന്തോ എടുത്ത് നിശ്ശബ്ദമായി അവൾ മുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അയാൾ ആ  ലോഹച്ചുറ്റിൽ ശ്രദ്ധിക്കുന്നത് . രണ്ട് മുത്തുകളെ തമ്മിൽ ചേർക്കുന്ന ലോഹച്ചുറ്റിന് രണ്ട് കൈകൾ തമ്മിൽ കൂട്ടി ചേർത്തുപിടിച്ച ആകൃതി വ്യക്തമായി കാണാമായിരുന്നു . വളരെ ഉറപ്പോടെ ആ മുത്തുകളെ പരസ്പരം കൂട്ടിച്ചേർത്ത രണ്ട് കൈകൾ . അവയിൽ ഒരു കൈയിൽ ആറു വിരലുകളുണ്ടായിരുന്നു. കാലപ്പഴക്കത്താലാവണം ഒരു കൈയിലെ ചെറുവിരൽ അറ്റുപോയിരുന്നു . മനസ്സിൽ ഭയവും പകയും വെറുപ്പും കയറിയിറങ്ങിയപ്പോഴും അയാൾ കൈമോശം വരാത്ത പുരാവസ്തു താല്പര്യം വെറുതേ ഒരു നിമിഷത്തിലേക്ക് ആ മുത്തുകളിൽ നിറഞ്ഞു .
ഉച്ചസ്ഥായിയിൽ ഫോണടിച്ചപ്പോൾ മുറിയിൽ നിന്നും അപ്പു ഫോണുമായി വന്നു . അവന്റെ കണ്ണുകളിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ഭയം ഇന്നലെ വൈകുന്നേരത്തെ തന്റെ 'പെർഫോമൻസ്'   എത്തരത്തിലുള്ളതായിരുന്നെന് ഓർമിപ്പിച്ചു . ഇന്നലെ തന്റെ കൈയാൽ ചത്തവന്റെ കണ്ണിലും അവസാന നിമിഷം കണ്ട ഭയത്തിന് അപ്പുവിന്റെ മുഖഛായ തോന്നിയപ്പോൾ അയാൾ വെറുപ്പോടെ കണ്ണ് പിൻവലിച്ചു .
' ആരാടാ ?' ചോദ്യത്തിന് ഉത്തരം പറയാതെ കുട്ടി തിരിച്ചു പോയി . 
'ഉം..  ഓക്കെ ആണ്'
'വാട്ടർ ടാങ്കിനു താഴെയാണോ ? '
'അല്ല, കാട്ടിൽ,പുഴയ്ക്ക് പോകുന്ന വഴിയുടെ സൈഡിൽ' 
'സൂക്ഷിക്കണം, അവിടെ പുരാവസ്തുക്കാരുടെ നോട്ടമുള്ളിടമാണ് '
' ഇല്ല ,എന്റെ ഡിപ്പാർട്ടുമെന്റല്ല , ആ ഭാഗം ഇപ്പോ നോക്കുന്നില്ല '
' ശരി ,കൂടുതൽ ഫോണിൽ വേണ്ട , വൈകീട്ട് കാണാം '
'ഓക്കെ '

മുറിയിൽ പൊട്ടിക്കിടക്കുന്ന കുപ്പികളിലും അലങ്കോലപ്പെട്ട മേശയിലുമൊക്കെ കണ്ണോടിച്ച് കട്ടിലിലേക്ക് ചാഞ്ഞപ്പോൾ ഒരു കൊലപാതകത്തിന്റെ കുറ്റബോധം അയാൾക്ക് തോന്നിയതേ ഇല്ല .
ഉടഞ്ഞ മദ്യകുപ്പിയിൽ നോക്കി , ശത്രു തന്റെ കാലിലേൽപ്പിച്ച മുറിവിൻറെ നോവ്  മറക്കാൻ പ്രകാശ് ഉറങ്ങാൻ ശ്രമിച്ചു .ചുമരിൽ അയാൾ വരച്ച,ചുവന്ന ചിത്രത്തിലേക്ക് വെയിൽ മഞ്ഞ നിറം പടർത്തി .

                                                                              ******
ഗ്രാമം ഉണർന്നു വരികയായിരുന്നു .പശുക്കളും കാളകളുമായി ആളുകൾ നടപ്പ് തുടങ്ങിയിരുന്നു .നാലുപാടുള്ള കാടുകളിൽ അവയെ മേയ്ക്കാനായി നീങ്ങുന്നവർ മഞ്ഞിൽ നിഴൽച്ചിത്രം തീർത്തു. ചീരുവിന്റെ മുന്നിലൂടെ അയ്‌നൻ കാളകളുമായി വന്നു. കണ്ണിൽ ചിരിയോടെയുള്ള അയാളുടെ വിളിക്കുത്തരമായി അവൾ പുറത്തിറങ്ങി .പുല്ലു മേഞ്ഞ മാടത്തിന്റെ ഇറയത്തുകൂടെ അവർ പുഴയിലേക്ക് നടന്നു .പുഴ കലങ്ങി മറഞ്ഞിരുന്നു .അയാളുടെ കൈ തട്ടി ചുവന്നകുടം,വെള്ളത്തിലൂടെ ഒഴുകി നടക്കുമ്പോൾ അയാൾ ലോഹവളയത്തിൽ  കോർത്ത രണ്ട് മുത്തുകൾ  അവളുടെ കൈയിൽ ഇട്ടുകൊടുത്തു . ആ മുത്തുകളെ ചേർക്കുന്നിടത്ത് അയാളുടെ ആറു വിരലുള്ള തടിച്ച കൈയും അവളുടെ നീണ്ട വിരലുകളും കോർത്തു പിടിച്ചിരിക്കുന്നു .' നിന്റെ ചിലമ്പുകഴിനോൽപിന് ' വേണ്ട ചിലമ്പ് ഞാൻ പണിഞ്ഞു തുടങ്ങിയിട്ടുണ്ട് .
 ചിരിയോടെ അയ്‌നൻ അവളുടെ കണ്ണുകളിലേക്ക് നോക്കി . ചീരു ഒഴുകിപ്പോകുന്ന കുടത്തിലേക്ക് നോക്കുകയായിരുന്നു.ആ കുടം പോലെയാവണം കാലവും ഒഴുകിപ്പോയത് . ..അവളുടെ കാലിൽ ചിലമ്പണിഞ്ഞവൻറെ രണ്ടു കൈയിലും അഞ്ചു വിരലുകളേ ഉണ്ടായിരുന്നുള്ളൂ.
                                                                     ******

കെട്ടിറങ്ങാത്ത മദ്യലഹരിയിൽ പ്രകാശ് പതിയെ തലയുയർത്തി .തലേ ദിവസം അയാളുടെ പ്രത്യാക്രമണം കൊണ്ട് പറ്റിയ ചെറിയ മുറിവ് ശ്രദ്ധയിൽപ്പെട്ടു . ഷർട്ടഴിച്ച്അതിൽ  മരുന്ന് പുരട്ടി മുറിയിൽ മേശപ്പുറത്തിരുന്ന ഭക്ഷണം വാരിക്കഴിച്ചു. താൻ ചുമരിൽ വരച്ചു വെച്ച ചിത്രത്തിന്റെ ചുവപ്പിൽ അയാൾക്ക്  മൺകുടം ഒഴുകി വരുന്നത് കാണാനായി . അത് കാലത്തിന്റെ ഏത് അറ്റത്ത് നിന്നാണ് ? മ്യുസിയത്തിൽ വയ്ക്കാനായി തയ്യാറാക്കിയ മുത്തിനെ കാർബൺ പരിശോധനയ്ക്കയക്കണം.  ഏതോ പുരാതന കാലത്തെ പ്രണയം തുടിക്കുന്ന ആറാം വിരലിലേക്ക് അയാൾ വീണ്ടും നോക്കി . മുറിയിൽ കുടത്തിൽ നിറച്ച വെള്ളവുമായി ചീരു വന്നു നിൽക്കുന്നു . ഏതോ ആദിമജീവിതത്തിന്റെ  വസ്ത്രമുടുത്ത് , കറുത്ത കാലിൽ ചിലമ്പണിഞ്ഞ് നിൽക്കുന്ന ചീരു .
' നീയെന്തിനാണ് എന്റെ കൈയിൽനിന്ന് അതൂരിയെടുത്തത്?'ഏതോ പൂർവ്വ ഭാഷയിലാണ് ചോദിച്ചതെങ്കിലും 
അയാൾക്ക് കാര്യം മനസ്സിലായി. 

'ഞാനൊന്നുമെടുത്തിട്ടില്ല'
മുടിയില്ലാത്ത തലയിൽ വിരലോടിച്ച് അയാൾ പരുഷമായി പറഞ്ഞു. ചിലമ്പിച്ച സ്വരത്തിൽ എന്തൊക്കെയോ പറഞ്ഞ് അവൾ ആ മുത്തുകളിൽ കൈകുരുക്കി .

'നീ ഇതിലെ കാലത്തെ തുടച്ചുകളയുകയാണോ? എൻ്റെ വിയർപ്പും അവൻ്റെ വിരൽപ്പാടുകളും മായ്ച്ചുകളയുന്നോ ?'

മുഖത്തുനോക്കി , ശബ്ദമുയർത്തി അവൾ ചോദിച്ചപ്പോൾ അയാളുടെ കൈയുയർന്നു .അവളുടെ കഴുത്തിൽ പിടിമുറുക്കി.കൈയിലെ നാല് വിരലുകൾ കൊണ്ട് ചീരു , അയാളുടെ തടിച്ച ഫ്രെയിമുള്ള കണ്ണട മാന്തിക്കളഞ്ഞു. മൂക്കിലൂടെ ചോരയൊഴുകി. ആറടി ഉയരമുള്ള അയാൾ ചീരുവിനെ മുകളിലേക്കുയർത്തി. കുറച്ചു നേരം പിടഞ്ഞ് അവൾ നിലത്ത് വീണു. പിന്നെ ആ രണ്ട് മുത്തും കൈയിലെടുത്ത് പുറത്തിറങ്ങി.
താൻ ആഴത്തിലാഴത്തിൽ കുഴിച്ചു മൂടിയ ശരീരം കിടക്കുന്നിടത്ത് വന്നു നിന്നു. ആ വിജനമായ വഴിത്താര മറ്റൊരു കാലത്തിലേക്കെന്ന പോലെ നേർത്ത് വന്നു . പതിയെ കുഴി തുറന്ന് രാത്രിയോടെ അയാൾ തന്നെ മുറിവേൽപ്പിച്ച ആ ശരീരത്തിനടുത്തെത്തി. അവൻ്റെ ഉറഞ്ഞുപോയ , കറുത്തു തടിച്ച കൈബലത്താലകറ്റി ആ രണ്ടു മുത്തുകളെ അതിനുള്ളിൽ വയ്ക്കാൻ ശ്രമിച്ചു . കൂട്ടിപ്പിടിച്ച കൈയിൽ ആറാമത്തെ വിരൽ കാണാമായിരുന്നു.ധൃതിയിൽ കുഴി മൂടി ബൈക്കെടുത്ത് പാഞ്ഞ് പ്രകാശ് വീട്ടിലേക്ക് കയറിവന്നു . മുറിയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന അപ്പുവിനരികിൽ സംഗീത നിലത്ത് വീണുകിടക്കുന്നുണ്ടായിരുന്നു . എന്ത് ചെയ്യണമെന്നറിയാതെ നോക്കിനിന്നപ്പോൾ തൻ്റെ ചിത്രത്തിലെ ചുവന്ന കുടം അവൽക്കരികിൽ വക്കുപൊട്ടിക്കിടക്കുന്നുണ്ടായിരുന്നു . സൂക്ഷിച്ചു നോക്കിയപ്പോൾ ചെറുവിരൽ മുറിഞ്ഞുപോയ അവളുടെ കൈയിൽ നാലു വിരലുകളേ ഉണ്ടായിരുന്നുളളൂ .....


* ചിലമ്പുകഴിനോൽപ് -സംഘകാലത്ത് വിവാഹത്തിനുണ്ടായിരുന്ന ചടങ്ങ്. പെൺകുട്ടി വിവാഹശേഷം തൻ്റെ കാൽച്ചിലമ്പ് മാറ്റി പുതിയത് സ്വീകരിക്കുന്നു.