Saturday, 30 July 2022
താടക
Saturday, 9 July 2022
മനോധരി
തീയ്യിന്റെ ചുവന്ന വെളിച്ചം ചുറ്റും ചിതറിത്തെറിച്ച് തിളങ്ങി നിന്നു. രാത്രി, തീയിന്റെയും ആരവങ്ങളുടെയും ഇടയിൽ മറ്റൊരു കനൽ തന്റെ നെഞ്ചിൽ ആളുന്നത് മനോധരി അറിഞ്ഞു. ദൂരെയെവിടെയോ ഒരു ചിതയിൽ, ഒരു കഴുമരത്തിൽ അല്ലെങ്കിൽ ആറടി മണ്ണിനുള്ളിൽ, എവിടെയോ എവിടെയോ തന്റെ ശങ്കരന്റെ ശരീരം. എണ്ണമുക്കിയ പന്തക്കോലങ്ങൾക്ക് നടുവിൽ മാനം മുട്ടുന്ന കുരുത്തോലത്തിരുമുടിയിളക്കി കണ്ഠാകർണൻ ഉറഞ്ഞാടുന്നു. തെയ്യം തന്റെ മുന്നിലാണ് നിൽക്കുന്നത്. മംഗലം കഴിഞ്ഞ് ഇന്നാട്ടിൽ വന്ന് താൻ ഏറ്റവും പേടിച്ച കണ്ഠാകർണൻ! വസൂരിമാലയെ ഇന്നാട്ടിൽ നിന്നും പായിച്ച ദൈവം. അവരുടെ മുന്നിലേക്ക് വന്ന് അരുളപ്പാട് ചെയ്തു... “ഇത് നിന്റെയാണ്…ഈ മണ്ണ്...നീ കാക്കണം...കാത്തുരക്ഷിക്കണം”
മനോധരി ആദ്യമായി പതറാതെ കൈകൂപ്പി. കണ്ണടച്ചു. കണ്ണുതുറന്നപ്പോൾ താൻ ദൂരെമാറിയെവിടെയോ നിന്ന് തെയ്യത്തെ നോക്കുകയാണെന്ന് അവർക്ക് മനസിലായി. വള്ളി ചെവിയിൽ വന്നു പറഞ്ഞു.
“എണേ, നിങ്ങളെ നോക്കീട്ട് ആ കോട്ടിട്ടാള് ബീട്ടില് ബന്നിട്ടുണ്ട്”.
മനോധരിയ്ക്കറിയാമായിരുന്നു. ആ വരവ്, തെയ്യം മുന്നിൽ കാണിച്ചതാണ്. അവർ കണ്ണുകൾ തെയ്യത്തിന് നേരെ പായിച്ചു. പിറകിൽ ആളുണ്ട്. തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന ആ സാമീപ്യം ശ്രദ്ധയോടെ മനസിലാക്കി.
തീവെളിച്ചത്തെ വകഞ്ഞ് കറുത്ത ഇരുട്ടിലേക്ക് അവർ നടന്നു. ഇരുട്ട് ചതിക്കാറില്ല, വെളിച്ചവും വെള്ളച്ചിരികളുമാണ് എന്നും തങ്ങളെ ചതിച്ചിട്ടുള്ളത്. നടവരമ്പ് കാണാൻ കഴിയില്ലെങ്കിലും കാലങ്ങളോളം വിതച്ച് കൊയ്ത ആ നേർത്ത വഴിയിലൂടെ നിത്യഭ്യാസിയായി അവർ നടന്നു. ഈ വഴിയെ കൈപിടിച്ചാണ് ശങ്കരനെ പഠിക്കാൻ കൊണ്ടാക്കിയിരുന്നത്, താനും ശങ്കരന്റെ അച്ഛനും കൂടി പാലോടിയ നെല്ലിനെ നോക്കി നടന്നിരുന്നത്. കൊയ്ത്തുപാട്ടുകളുടെ താളത്തിൽ തവളകൾ കരയുന്നുണ്ടായിരുന്നു അപ്പോൾ. ഈ വരമ്പിന്റെ വഴിയറ്റത്താണ് ശങ്കരനെ അവസാനം കണ്ടത് എന്നോർത്തപ്പോൾ മനോധരിയുടെ നെഞ്ചിൽ വീണ്ടും കനൽ ആളിത്തുടങ്ങി.
പഠിച്ചില്ലാത്ത തനിക്ക് അവന്റെ ഒരു വർത്തമാനവും മനസ്സിലാവില്ലായിരുന്നു. മുംബൈയിലേക്ക് പോകാനായി അവനൊരിക്കൽ യാത്ര ചോദിച്ചു. വല്യൊരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയെന്ന് പറഞ്ഞു. അതെന്തെന്നറിഞ്ഞില്ലെങ്കിലും ഏകമകന്റെ നിശ്ചയദാർഢ്യത്തിൽ അവർ കണ്ണീരോടെ അയാളെ അയച്ചു. അതിനുശേഷം ഒരു തവണ ശങ്കരൻ വീട്ടിൽ കയറി വന്നു. നീട്ടിയ താടിയും സഞ്ചിയുമായി ചടച്ച് മെലിഞ്ഞ്... അയാൾ വന്നത്, അയാളെ തിരഞ്ഞു വരുന്ന ഒരു സന്ദേശം സ്വീകരിക്കാനായിരുന്നു. ഏതോ ഒരു ഗ്രാമത്തിലെ ജനതയെ വെള്ളക്കാരുടെ പോരിൽ നിന്നും രക്ഷിക്കാനുള്ളതെന്തോ ആണെന്നവൻ അവ്യക്തമായി സൂചിപ്പിച്ചു. അന്ന് പതറിയ തന്നെ ആശ്വസിപ്പിക്കാൻ അയാൾ കൈവെള്ളയിൽ വിരൽ ചേർത്തമർത്തിയ ചൂട് ഈ പാതിരാക്കുളിരിലും മനോധരിയ്ക്ക് തന്റെ കൈയിൽ അനുഭവപ്പെട്ടു. ശങ്കരൻ പറഞ്ഞു, “അമ്മാ ഇത് നമ്മുടെ മണ്ണാണ്...നമ്മുടെ തലമുറകൾ പോരാടി, ജീവിച്ചുമരിച്ച് നമുക്കായി മാറ്റിവച്ചയിടം... ഇനി പിറക്കാനിരിക്കുന്ന ഉയിരുകളോട് നാമിതിന് കടപ്പെട്ടിരിക്കുന്നു... എവിടെനിന്നെങ്കിലും വന്ന പരദേശികൾക്കുള്ളതല്ല ഈ നാട്....കാത്തുരക്ഷിക്കണം....കാത്തുരക്ഷിക്കണം”. അയാളെന്ത് സംഭവിക്കുമെന്ന് താൻ ഓരോ നിമിഷവും പതറിയിരുന്നു. എങ്കിലും എത്രയൊക്കെ ഭയന്നിരുന്നെങ്കിലും ശങ്കരന്റെ വാക്കിന്റെ തീക്ഷ്ണത കാരണം അയാളെ തടയാൻ ശ്രമിച്ചില്ല. ഓർമ്മകൾ വേരറുത്ത് മാനത്തേക്ക് പടരുകയായിരുന്നു. തെയ്യത്തിന്റെ ആർപ്പുവിളികൾ വിദൂരതയിൽ മുഴങ്ങി.
വഴിയറ്റത്ത് വെള്ളക്കാരുടെ പോലീസ് വസൂരിമാലയെപ്പോലെ ഭയപ്പെടുത്തി നിൽക്കുന്നത് മനോധരി നോക്കി. കാടുകയറണം. കാടകത്തെങ്ങോ ഒരു കോവിലുണ്ട്. അവിടെ വരുന്ന ഒരു ഗർഭിണിപ്പെണ്ണിന്റെ കയ്യിലാണ് ഈ കത്തും പൊതിയും നൽകേണ്ടത്. ഇനിയും മൂന്ന് ദിവസം കഴിഞ്ഞാണത്. വെളുത്തപക്ഷത്തിലെ തൃതീയയ്ക്ക്. റൌക്കയ്ക്കുള്ളിൽ ഒളിപ്പിച്ച ഒരു കടലാസ് കഷ്ണവും ചെറിയ പൊതിയും അവർ അമർത്തിപ്പിടിച്ചു. ശങ്കരൻ സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞ ഓരോ കാര്യവും അയാളെ അപടകത്തിലാക്കുമെന്നോർത്ത് ഉള്ളുലച്ചിരുന്നതായിരുന്നു. പക്ഷെ ഇന്നലെ, പഠിപ്പില്ലാത്ത ഒരമ്മയെ ആരും സംശയിക്കില്ലെന്ന് ഉറപ്പുപറഞ്ഞ് താനിതേറ്റുവാങ്ങിയപ്പോൾ കൈ തെല്ലും വിറച്ചില്ല. ശങ്കരൻ ഇതിനായാണ് വന്നത്. പോലീസു പിടിച്ചുകൊണ്ടുപോകുമ്പോഴും അതുതന്നെ പറഞ്ഞു. അത് സാധിപ്പിച്ചുകൊടുക്കണം. തെയ്യത്തിന്റെ അരുളപ്പാട് വീണ്ടും മനോധരിയുടെ കാതിൽ തിരയടിച്ചുവന്നു “ഇത് നിന്റെയാണ്....ഈ മണ്ണ്...നീ കാക്കണം”.
മനോധരി കാട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞു. മനസിലേക്ക് ഭയം അരിച്ചുകയറുമാറ് പിന്നിൽ കാലടികൾ അടുത്തുവരുന്നതായി തോന്നി. മുന്നോട്ട് പോയേ മതിയാവൂ... ഭയം മാറുന്നതിനായി മനോധരി പഴയ മണിക്കുട്ടിയായി അച്ഛമ്മയുടെ മടിയിൽ കിടന്ന് കഥ കേൾക്കാൻ തുടങ്ങി.
“അങ്ങന അച്ചങ്കരപ്പള്ളീല് മാക്കോം മാക്കത്തിന്റെ ഏട്ടമ്മാറും എത്തി. ചുറ്റും നല്ല കാടാന്ന്...ആരൂല്ല കാണാൻ. അനിയനെ തൊട്ടിലാട്ടി, മടിയിലുള്ള തനിക്ക് വേണ്ടി ഈണത്തിൽ അച്ഛമ്മ കഥ പറഞ്ഞു. പിന്നിലെ കാലടികളെ അവഗണിച്ച് മനോധരി, കഥ കൂടുതൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി.
“അപ്പൊ അടുത്തൊര് പൊട്ടക്കെനറ്റ്ണ്ട്. അങ്ങന ആട എത്തിയപ്പ മാക്കത്തോട് സഹോദരമ്മാറ് പറയ്യാ, ദാ മാക്കേ നോക്ക് .....” അച്ഛമ്മ വെറ്റില മുറുക്കിത്തുപ്പി. കിതപ്പോടെ മനോധരി ഒന്ന് നിർത്തി. വീണ്ടും വേഗത്തിൽ നടത്തം തുടർന്നു. കുറ്റിച്ചെടികൾക്കിടയിലൂടെ കൈകൾ നീട്ടിപ്പിടിച്ച് തപ്പിത്തടഞ്ഞ് അവർ നടന്നു. അച്ഛമ്മ കാതിൽ കഥ പറഞ്ഞു, മനോധരിയുടെ ചുണ്ടുകൾ അത് മൃദുവായി ഏറ്റ് പറഞ്ഞു.
“അതാ മാനത്തൊരു വെള്ളി നക്ഷത്രം ഉദിച്ച് നിക്കുന്ന കാണുന്ന കണ്ടാ…ഏട്ടമ്മാറുടെ മനസിലിരുപ്പ് അറിഞ്ഞോണ്ടന്നെ മാക്കം നക്ഷത്രത്തിന്റെ നെഗലുകാണാൻ കെനറ്റീ നോക്കി”
കാലടിയൊച്ചകൾക്കൊപ്പം കുതിരക്കുളമ്പടി കേൾക്കുന്നതായി തോന്നി മനോധരിയ്ക്ക്. ഇന്ന് അമാവാസിയാണ്. ഇരുട്ട് തന്റെ ജീവന് കനിഞ്ഞു നൽകിയ അനുഗ്രഹം. ആയിരം പൌർണമികൾ കാണുമെന്ന് പണ്ട് കണിയാനെഴുതിയ തന്റെ ജാതകം അവരോർത്തു. അഞ്ച് പതിറ്റാണ്ട് മുൻപായിരിക്കണം അത്. താൻ ഋതുമതിയായ കാലത്ത്. ആയിരം പൌർണിമികൾ കാണുന്നൊരാൾ ആയിരം അമാവാസികളെ ഒഴിവാക്കുന്നതെങ്ങനെ! അവർ നടത്തത്തിന്റെ വേഗത കൂട്ടി. കാടിനപ്പുറത്ത് ചെന്നാൽ മൂന്ന് ദിവസം എവിടെ എങ്ങനെ പിടിച്ചുനിൽക്കുമെന്നറിയില്ല. എങ്കിലും പൊതി കൈമാറണം. തന്റെ മകന്റെ ജീവന്റെ വിലയുണ്ട് ഇതിന്. അതിനുവേണ്ടി ഓടിയേ മതിയാവൂ. ഭയത്തിന്റെ മുള്ളുകൾ കാല് തുളയ്ക്കുന്നത് അവരറിഞ്ഞു. കാട്ടുചോലയിൽ കാല് നനച്ച് അതിനെ മുറിച്ചുകടക്കുകയായിരുന്നു മനോധരിയപ്പോൾ. പിറകെ പോലീസുണ്ട്. ശങ്കരനെന്നും പറയും ഈ രാവ് സ്വാതന്ത്ര്യത്തിലേക്ക് പുലരുമെന്ന്. തന്റെ രാജ്യം വിടുതി നേടുമെന്ന്. എന്താണീ സ്വാതന്ത്യം എന്ന് ചോദിക്കുമ്പോൾ അയാൾ ചിരിയ്ക്കും, ചുണ്ടത്തെ മറുക് തെളിഞ്ഞുവരും.
ഇരുളിലെ ഓട്ടത്തിനിടെ മുറിവുപറ്റിയ കാലുകളിൽ ജലം വാത്സല്യം ചേർത്തുവച്ചു. ഇരുട്ടിൽ പേരറിയാത്ത പൂവുകൾ വിടർന്ന മണം, ചീവീടുകളുടെയും ദൂരെയേതോ ഒറ്റക്കൊമ്പന്റെയും ശബ്ദം. കാലടികൾ, കുളമ്പടി, തന്നെ പിന്തുടരുന്ന ഒരു തീപ്പന്തം. മനോധരി വലിയൊരു മരത്തിനുപിന്നിൽ മറഞ്ഞു. അവർ ആറുപേരുണ്ട്. പോലീസുകാരും ഒരു സായിപ്പും. പിന്തുടരുന്നവരുടെ ചൂട്ടിന്റെ വെളിച്ചം അത്രത്തോളം വിവരം അവൾക്കൊറ്റിനൽകി.
അൽപനേരമായി ശബ്ദമില്ല. ഇലകളിൽ മഞ്ഞുവീഴുന്ന ശബ്ദം പോലും കേൾക്കാനാവുന്നത്ര നിശബ്ദം. ഇലകൾ പോലും മനോധരിയോട് അടക്കം പറഞ്ഞു, “അമ്മാ ഇത് നമ്മുടെ മണ്ണാണ്…കാത്തുരക്ഷിക്കണം.”
പിന്നെയും നടന്ന് തളർന്ന് അവരൊരു കല്ലിലിരുന്നു. രാവെത്ര പിന്നിട്ടെന്നറിയില്ല. തെയ്യത്തിന്റെ മാറ്റൊലികൾ കേൾക്കാനില്ല. ദൂരമെത്രതാണ്ടിയെന്നോ എവിടെയെത്തിയെന്നോ തിരിച്ചറിയാൻ വയ്യ. കിതപ്പാറ്റുന്നതിനൊപ്പം അവർ നെഞ്ചിലൊളിപ്പിച്ച പൊതിയെ അമർത്തി. ഒടിഞ്ഞുതൂങ്ങിയ മുലയെ അത് യൌവ്വനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഒന്നിനെ മാത്രം! ശങ്കരനുവേണ്ടി ചുരന്ന വാത്സല്യപ്പാൽ അതിലേക്ക് ഊറിനിറയുന്നത് അവരറിഞ്ഞു.
വീണ്ടും കാലടികളും മനുഷ്യശബ്ദങ്ങളും കേൾക്കാനായി. മനോധരി പൊടുന്നനെ മുന്നോട്ട് നീങ്ങി. പിടിക്കപ്പെട്ടേക്കാം എന്ന തോന്നൽ നെഞ്ചിടിപ്പിനെ കാതോളം എത്തിച്ചു. തപ്പിത്തടഞ്ഞ് ഓടുന്നതിനിടെ ഇരുളിന്റെ ദേവനെപ്പോലെ ഒരാന. ചൂര് ആദ്യം മൂക്കിലേക്കടിച്ചു. അവരിളകാതെ നിന്നു. കാണുവാൻ കഴിയുന്നില്ല. അനക്കവും നേർത്ത ശബ്ദവും ആനച്ചൂരും മാത്രം. മനോധരി പതുക്കെ ആ വഴിയിൽ നിന്നും മാറി. അതവന്റെ വഴിയാണ് കയ്യേറിക്കൂടാ...കരുണാർദ്രമായ ആ ചിന്തയിൽ നിന്നും അവർക്കുള്ളിലേക്ക് ഒരു വെളിച്ചം പാഞ്ഞു. തങ്ങളുടെ വഴികളും മണ്ണും കയ്യടക്കി, കുഞ്ഞുങ്ങളുടെ ബാല്യം മോഷ്ടിച്ച് യുവാക്കളുടെ ചിന്തകൾ കയ്യേറി മെതിക്കുന്ന ഒരുകൂട്ടം തനിക്കുപിന്നിൽ കൊലവെറിയോടെ അലറുന്നത് അവരോർത്തു. അച്ഛമ്മ കാതിൽ പറഞ്ഞു, മാക്കത്തിന്റെ മക്കൾ ദിക്കറിയാതെ ഓടുന്നത് നീ കാണുന്നില്ലേ... മനോധരി മനസിൽ പറഞ്ഞു. എന്റെ കുഞ്ഞുങ്ങൾക്ക് തലമുറകളായി കിട്ടിയ ഈ കാടും പുഴകളും ഞങ്ങളുടെ തെയ്യവും ഈ ആകാശവും ഭയത്താൽ ആരാലും പിന്തുടരപ്പെടേണ്ടതില്ലാത്ത വഴികളുമാണ് സ്വാതന്ത്യം. അത് അപഹരിക്കുന്നവർക്ക് നൽകാനുള്ളതല്ല. ഞാനിത് വിട്ടുകൊടുക്കില്ല. ശങ്കരന്റെ വാക്കുകളുടെ പൊരുൾ ഒരു ശരമായി പ്രജ്ഞയിൽ തുളഞ്ഞുകയറി. ആന അവരെ തിരിഞ്ഞുനോക്കി,
“അമ്മാ…ഇത് നമ്മുടെ മണ്ണാണ്.... സംരക്ഷിക്കണം”
“ശങ്കരാ…” മനോധരി വാത്സല്യത്തോടെ അതിനെ വിളിച്ചു. ആന തിരിഞ്ഞുനടന്നു.
ശങ്കരൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാനാണ് പോയത്. അയാൾ ഒരിക്കൽ പറഞ്ഞു, ഈ കാണുന്ന കാടിനും മലകൾക്കും പുഴകൾക്കും അപ്പുറം ദൂരെയെവിടെയോ ദില്ലി വിളിയ്ക്കുന്നു. പലപ്പോഴും കവലയിലെ ചിലർ ശങ്കരന്റെ പേര് പെരുമയോടെ പറയുന്നത് കേട്ട് താൻ പെരുമ കൊണ്ടത് മനോധരി വെറുതെയോർത്തു. അയാൾ അന്ന് ഉപ്പുകുറുക്കാൻ പയ്യന്നൂർ പോയത് ഓർമ്മയിൽ തെളിഞ്ഞു. വിടരാൻ പോകുന്ന പ്രഭാതത്തെയോർത്ത് അവർ ഇരുട്ടിൽ പതുങ്ങി നിന്നു.
ഈ പൊതി കൊണ്ടുവന്ന കുട്ടി പറഞ്ഞു,
“അമ്മാ ഇത് കഴുത്തിലിട്ടോളൂ…”
ഒരു ചരടും പതക്കവും അയാൾ അവർക്ക് നൽകി. കൂടെ ഒരു സന്ദേശവും പട്ടുകൊണ്ട് മറച്ച ഒരു പൊതിയും.
“വലിയൊരു പ്രദേശത്തെ ജനതയെ മുഴുവൻ ഈ നാടിന്റെ സത്യമറിയിക്കാനുള്ള ഒന്നാണിത്, അഥവാ പോലീസ് കണ്ടെത്തിയാൽ പൊതി നശിപ്പിക്കുക, ഈ പതക്കം ഉടനെ കഴിക്കുക, കൊടിയ വിഷമാണ്. കൈയ്യിൽ കിട്ടിയാൽ അവർ ഇഞ്ചിഞ്ചായി കൊന്നേക്കും, സൂക്ഷിക്കുക.” അയാൾ അർദ്ധമനസോടെ പൊതി മനോധരിയ്ക്ക് കൈമാറി. “പക്ഷെ അമ്മ പറഞ്ഞതുപോലെ അമ്മയെ പിടിക്കാനിടയില്ല…പഠിത്തമില്ലാത്ത ഒരു നാട്ടിൻപുറത്തുകാരി വൃദ്ധയെ അവർ സംശയിക്കില്ല.” കാതിൽ രോമവും കണ്ണിൽ കനലുമുള്ള ആ യുവാവ് നടന്നകന്നു.
“മോന്റെ പേരെന്താ” മനോധരി വിളിച്ചു ചോദിച്ചു.
“കേളു എന്ന് വിളിച്ചോളൂ…” അയാൾ തിരിഞ്ഞുനോക്കാതെ നടന്നു.
മനോധരി കഴുത്തിൽ തപ്പി. ആ ചരടും പതക്കവും ഓട്ടത്തിനിടയിൽ എവിടെയോ വീണുപോയിരിക്കുന്നു. താൻ വീണ്ടും വിധവയായതുപോലെ അവർ വിതുമ്പി. വിങ്ങിപ്പൊട്ടിയ കരച്ചിലൊതുക്കി കാടോട് പറ്റിച്ചേർന്നു.
അനക്കം അടുത്തടുത്ത് വരുന്നു. ആളുകളുടെ കിതപ്പുപോലും കേൾക്കാം. തന്റെ മുറിവേറ്റ കാലുമായി അവരോടി. കാടകത്ത് നേരിയ വെളിച്ചം. കിഴക്ക് വെള്ളകീറിയതിന്റെയാവാം. കുറച്ചുമാറി ഒരു പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങൾ മനോധരി കണ്ടു. മിനുസപ്പെടുത്തിയ കല്ലുകൾ കൊണ്ട് പണിഞ്ഞ ക്ഷേത്രച്ചുമരുകൾ തകർന്ന് വേരുകൾ പടർന്നിരുന്നു. ഗർഭഗൃഹം അടഞ്ഞുകിടന്നു. അവർ അങ്ങോട്ടോടി. വശത്തായി ആഴമേറിയൊരു മണിക്കിണർ കാണുന്നുണ്ടായിരുന്നു. ക്ഷീണിച്ച കയ്യാലുന്തി അടഞ്ഞുകിടന്ന ശ്രീകോവിൽ തുറക്കാൻ അവരൊരു വിഫലശ്രമം നടത്തി. തകർന്നുവീണ ചെറിയൊരു ചിതൽപ്പുറ്റ് കൈയ്ക്ക് മീതെ വീണു. ചിതലുകൾ ചിതറിയോടി.
പിറകിലുള്ളവർ ക്ഷേത്രം വളഞ്ഞു കഴിഞ്ഞിരുന്നു. കുതിരപ്പുറത്തെ സായിപ്പ് ആംഗലേയത്തിലും അയാളുടെ സഹചാരി നാട്ടുഭാഷയിലും വിളിച്ചുകൂവിക്കൊണ്ടിരുന്നു. ഗർഭഗൃഹത്തിന്റെ ചുവരിലെ ചെറിയ വിടവിലൂടെ മിന്നാമിനുങ്ങുകളുടെ വെളിച്ചം അരിച്ചിറങ്ങുന്നത് മനോധരി കണ്ടു. അവർ തന്റെ ഇടംനെഞ്ചിൽ നിന്നും സന്ദേശവും പൊതിയെടുത്ത് ശ്രീകോവിലിനുള്ളിലെ ആ ജൈവദീപ്തിയിലേക്ക് പതിയെ സമർപ്പിച്ചു.
വെടിയുണ്ട ദേഹത്ത് തട്ടാതെ കാക്കാൻ പാകത്തിന് ഇരുട്ട് അവിടെ ബാക്കിയുണ്ടായിരുന്നു. ജീവൻ വേണമെങ്കിൽ കയ്യിലുള്ളത് ഞങ്ങളെ ഏൽപ്പിക്കൂ എന്ന് പല ഭാഷയിൽ അവ്യക്തമായ ശബ്ദങ്ങൾ നാലുദിക്കുനിന്നും അവിടെ പടർന്നു. തന്നെ ജീവനോടെ കൈയ്യിൽക്കിട്ടിയാൽ സന്ദേശത്തിനായി അവർ ഈ ക്ഷേത്രം മുഴുവൻ അരിച്ചുപെറുക്കും. അത് കണ്ടെത്തിയേക്കും. കാലിൽ പഴുതാര കയറിയപോലെ പെട്ടെന്നൊരു വിറയൽ മനോധരിയ്ക്ക് ഉള്ളിൽ പടർന്നു. അവർ കണ്ണടച്ചു. അച്ഛമ്മ കഥ പറയുകയാണ്,
“മാക്കത്തിന് അറിയാമായിരുന്നു സഹോദരന്മാരുടെ ഉള്ളിലിരുപ്പ്. എന്നിട്ടും അവൾ വെള്ളി നക്ഷത്രത്തെ നോക്കി”
മനോധരി ഉറക്കെ വിളിച്ചു പറഞ്ഞു “ഞാൻ പിറന്നമണ്ണാണിത്, എന്റെ അച്ഛനും അമ്മേം ഓര്ക്ക് മുന്നേള്ളോരും ജനിച്ച ഇടം. ഞങ്ങളുടെ മക്കൾ അവരുടെ മക്കൾ...ഇവിടെത്തെ പുല്ലും പൂവും കിളികളും വാഴുന്ന ഇടം. ഞങ്ങളുടെ ജീവന്, അഭിമാനത്തിന് മേൽ അവകാശം പറയാൻ നിങ്ങൾക്കാവില്ല...ഇത് എന്റെ നാടാണ്....” കോവിലിലെ പൊളിഞ്ഞ ചുവരുകളിൽ നേർത്ത മാറ്റൊലി തിങ്ങി, ഇത് എന്റെ നാടാണ്....
എന്തോ താങ്ങി നിർത്തിയതുപോലെ നെഞ്ചകം അമർത്തിപ്പിടിച്ചുകൊണ്ട് പാഞ്ഞ്, മനോധരി ആ മണിക്കിണറ്റിലേക്കെടുത്ത് ചാടി. കണ്ണിൽ വീരചാമുണ്ടിയായി മാക്കപ്പോതി ഉറഞ്ഞുതുള്ളി. തന്റെ ശത്രുക്കൾ ചോരകക്കിച്ചാവുന്നത് അവരുടെ മനസിലേക്കു വന്നു. മാക്കത്തെപ്പോലെ മറ്റൊരു പെൺതെയ്യമായി താൻ ഉറഞ്ഞുയരുന്നത് കണ്ണിൽ തെളിഞ്ഞു. വസൂരിമാലയെപ്പോലെ വെള്ളക്കാരെ നക്കിത്തുടച്ചുനീക്കാൻ വെമ്പുന്ന നിരവധി നീളൻ നാവുകൾ അവർ പുറത്തേക്ക് നീട്ടി. കിണറ്റിൽ നിന്നൊരു പൊൻമാൻ മുകളിലേക്ക് പറന്നുയർന്നു. അത് വിളിച്ചുപറഞ്ഞു, “ഇത് ഞങ്ങളുടെ ദേശമാണ്…ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്യം ഞങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും... ഇത് ഞങ്ങളുടെ മാതൃഭൂമിയാണ്, ഇവിടെത്തെ ഓരോ പുൽക്കൊടിയും അതറിയുന്നു.” പതുക്കെ പതുക്കെ കിണറ്റിലെ ഓളമടങ്ങി.